ജനമഹാ യാത്രക്ക് കോഴിക്കോട്ട് ഉജ്വല വരവേല്‍പ്പ്
കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹാ യാത്രക്ക് കോഴിക്കോട് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. വയനാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി ചുരം ഇറങ്ങിയ യാത്രയെ അടിവാരത്ത് വെച്ച് ഡി സി സി ഭാരവാഹികള്‍ ജില്ലയിലേക്ക് സ്വീകരിച്ചു. അടിവാരത്തുനിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ മുക്കത്തേക്ക് ആനയിച്ചത്. രണ്ടാമത്തെ സ്വീകരണം സ്വര്‍ണ നഗരിയായ കൊടുവള്ളിയിലായിരുന്നു. സ്വര്‍ണ നഗരിയിലും ഊഷ്മള സ്വീകരണമാണ് മുല്ലപ്പള്ളിക്ക് ഒരുക്കിയിരുന്നത്.
ഗുജറാത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കിയ നരേന്ദ്രമോഡി ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് കൊടുവള്ളിയില്‍ പറഞ്ഞു. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റിയെടുക്കാനാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനം ശ്രമിക്കുന്നത്. ഈ ഫാസിസ്റ്റ് ഭരണം ഇല്ലാതാക്കാന്‍ രാജ്യം കൈ കോര്‍ക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോഡിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മോഡിക്കെതിരെ പോരാടുമ്പോള്‍ സി പി ഐ എം അംഗങ്ങള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. യോഗത്തില്‍ പി പി കുഞ്ഞായിന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി, എം കെ രാഘവന് എം പി, ടി സിദ്ദീഖ്, എം എ റസാഖ് മാസ്റ്റര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മേപ്പയ്യൂര്‍, നാദാപുരം എന്നിവിടങ്ങളിലെ സ്വീകണങ്ങള്ക്ക് ശേഷം വടകരയില്‍ സമാപിച്ചു. രണ്ടാം ദിവസം ബാലുശ്ശേരിയില്‍ നിന്നാണ് യാത്ര പ്രയാണം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ വിശ്വാസി സമൂഹത്തെ തകര്‍ക്കുകയാണെന്നും രണ്ട് സ്ത്രീകളെ പോലിസിന്റെ സഹായത്തോടെ ശബരിമലയിലെത്തിച്ചതിന്റെ വിജയാഹ്ലാദഞ്ഞിലാണ് സര്‍ക്കാറെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ മനസ്സിന് മുറിവേറ്റിരിക്കുകയാണ്. ഇതിന്റെ ഫലം സര്‍ക്കാര്‍ അനുഭവിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്മാന് കെ രാമചന്ദ്രന് മസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശൂരനാട് രാജശേഖരന്, അഡ്വ. ടി സിദ്ദിഖ്, കെ ബാലകൃഷ്ണന് കിടാവ്, നിജേഷ് അരവിന്ദ്, കെ കെ. പരീദ് ത്വുടങ്ങിയവര് സംസാരിച്ചു.