17-Feb-2019 (Sun)
 
 
 
 
‍ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന് തടസ്സം കേന്ദ്ര സര്‍ക്കാര്‍ തന്നെ: മന്ത്രി ജി സുധാകരന്‍
   
vps
09-Feb-2019
 

താമരശ്ശേരി: ദേശീയപാത നാലുവരിപ്പാതയാക്കണമെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസ്സം നില്‍ക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍. വയനാട് ചുരത്തെയും തുഷാരഗിരിയെയും ബന്ധിപ്പിച്ച് നിര്‍മിച്ച ചിപ്പിലിത്തോട് തുഷാരഗിരി പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ദേശീയ പാത നാലുവരിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ഒന്നര വര്‍ഷമായി ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ആധുനിക സംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. വികസനം പ്രധാന ഭരണലക്ഷ്യമായി കാണുന്ന സര്‍ക്കാറാണ് അധികാരത്തിലുള്ളത്.

 

വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ജലഗതാഗത പാത പുനസ്ഥാപിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നാല് വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ വിമാനത്താവളം ആരംഭത്തില്‍ തന്നെ മാറിക്കഴിഞ്ഞു. 1262 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന മലയോര ഹൈവേക്ക് 3600 കോടിയാണ് വകയിരുത്തിയത്. മലയോരത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും സര്‍ക്കാര്‍ പരിഗണന നല്‍കുന്നുണ്ട്. മലയോര ഹൈവെ കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റം സൃഷ്ടിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍പാതക്ക് സമാന്തരമായി സെമി-സ്പീഡ് തീവണ്ടികളോടിക്കാനുള്ള റെയില്‍പാത നിര്‍മ്മിക്കാനുള്ള ധാരണയായിട്ടുണ്ട്. നാട്ടുകാര്‍ ഒരു മിച്ചുനിന്നതിന്റെ ഫലമാണ് ചിപ്പിലിത്തോട്-തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി ചാക്കോച്ചന്‍, അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒതയോത്ത് അഷ്‌റഫ്, പഞ്ചായത്ത് അംഗങ്ങളായ കുമാരന്‍ കരിമ്പില്‍, പി വി മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുമരാമത്ത് ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ കെ ബിനീഷ് നന്ദിയും പറഞ്ഞു. കാപ്പാട് തുഷാരഗിരി ഹൈവെയുടെ രണ്ടാം റീച്ചായാണ് ചുരം ഒന്നാം വിളവിന് മുകളില്‍ ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തുഷാരഗിരിവരെ 12 മീറ്റര്‍ വീതിയില്‍ 5 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. 115 പേര്‍ റോഡിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തു. 20.3 കോടിരൂപയാണ് ചെലവ്. സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ്, റോഡ് ഷോ എന്നിവ സംഘടിപ്പിച്ച് നാട്ടുകാര്‍ ഉദ്ഘാടനം ആഘോഷമാക്കി മാറ്റി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies