17-Feb-2019 (Sun)
 
 
 
 
‍പ്രതിപക്ഷത്തിന് പോലും പരാതി ഉന്നയിക്കാനില്ലാത്ത വികസനമാണ് നടക്കുന്നത്: മന്ത്രി ജി സുധാകരന്‍
   
vps
09-Feb-2019
 

പുല്ലൂരാംപാറ: പ്രതിപക്ഷത്തിന് പോലും പരാതി ഉന്നയിക്കാന്‍ പറ്റാത്ത വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് നടത്തികൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തിരുവമ്പാടി മണ്ഡലത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലുണ്ടായിരുന്ന അഴിമതി തീര്‍ത്തും അവസാനിപ്പിക്കാന്‍ ഇപ്പോള്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ വന്നതിന് ശേഷം 371.72 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പഴയ ഇരുമ്പുപാലം പൊളിച്ചുമാറ്റിയാണ് തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. മൂന്ന് സ്പാനുകളിലായി 58.04 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുമാണ് 4.25 കോടിയുടെ സാങ്കേതികാനുമതിയോടെ പാലം നിര്‍മ്മിച്ചിട്ടുള്ളത്. ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി അഗസ്റ്റിന്‍, ലിസി ചാക്കോച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്നക്കുട്ടി ദേവസ്യ, ജോമോള്‍, കുര്യാച്ചന്‍ തെങ്ങുംമൂട്ടില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ജോണ്‍ കളരിപ്പറമ്പില്‍, തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഷിനി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies