19-Jun-2019 (Wed)
 
 
 
 
‍ഒരു മാസത്തിലേറെയായി കനറാ ബേങ്ക് എ ടി എം നിശ്ചലം; ഇടപാടുകാര്‍ ദുരിതത്തില്‍
   
vps
04-Mar-2019
 

താമരശ്ശേരി: താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിലെ കനറാ ബേങ്ക് എ ടി എം ഒരു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ചിട്ടും അധികൃതര്‍ക്ക് അനരക്കമില്ല. കനറാ ബേങ്ക് താമരശ്ശേരി ബ്രാഞ്ചിനോട് ചേര്‍ന്ന് സ്ഥാപിച്ച എ ടി എം മെഷീനുകളാണ് മാസങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പഴയ മെഷീന് പകരം മാസങ്ങള്‍ക്ക് മുമ്പാണ് പുതിയത് സ്ഥാപിച്ചത്. നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കരുതിയ ഇടപാടുകള്‍ പക്ഷേ കൂടുതല്‍ പ്രയാസത്തിലായി. അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം എടുക്കാന്‍ എത്തുന്നവര്‍ പണം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. അര കിലോമീറ്ററോളം അകലെയാണ് മറ്റു ബേങ്കുകളുടെ എ ടി എം മെഷീനുകള്‍ ഉള്ളത്. കനറാ ബേങ്ക് ഇടപാടുകള്‍ മറ്റു ബേങ്കുകളുടെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോഴുള്ള സാമ്പത്തിക നഷ്ടവും സഹിക്കണം. പുതിയ മെഷീനിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാലാണ് പ്രവര്‍ത്തനം നിലച്ചതെന്നാണ് ബേങ്ക് അധികൃതരുടെ വിശദീകരണം. ബംഗളൂരുവില്‍ നിന്നാണ് ഇതിന്ന് ആളെത്തേണ്ടതെന്നും അധികൃതര്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന മെഷീനില്‍ കാര്‍ഡ് നിക്ഷേപിച്ച ശേഷം ഉടന്‍ തിരിച്ചെടുക്കേണ്ട രീതിയായിരുന്നു. എന്നാല്‍ പുതിയ മെഷീനില്‍ ഇടപാട് കഴിയും വരെ കാര്‍ഡ് തിരിച്ചെടുക്കരുത്. ഇത് അറിയാതെ പലരും കാര്‍ഡ് വലിച്ചെടുക്കുന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇത് പരിഹരിക്കാനും നടപടി ഉണ്ടാവണമെന്നാണ് ഇടപാടുകാര്‍ ആവശ്യപ്പെടുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies