19-Jun-2019 (Wed)
 
 
 
 
‍മാവോയിസ്റ്റ് നേതാവ് സി പി ജലീലിനു നേരെ വെടിയുതിര്‍ത്തത് കീഴടങ്ങാന്‍ തയ്യാറാവാത്തതിനാലാണെന്ന് പോലീസ്; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി
   
vps
09-Mar-2019
 

ലക്കിടി: മാവോയിസ്റ്റ് നേതാവ് സി പി ജലീലിനു നേരെ വെടിയുതിര്‍ത്തത് കീഴടങ്ങാന്‍ തയ്യാറാവാത്തതിനാലാണെന്ന് പോലീസ്. റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായ വിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും വെടിവെച്ചുവെന്നും കണ്ണൂര്‍ റെയ്ഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പിന്നീടാണ് തണ്ടര്‍ബോള്‍ട്ട് തിരിച്ചടിച്ചതെന്നും ഐ ജി വ്യക്തമാക്കി. താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഉപവന്‍ റിസോര്‍ട്ടിലാണ് ബുധനാഴ്ച രാത്രി മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടിയത്. രാത്രി എട്ടരയോടെ സായുധരായ നാലംഗ സംഘം റിസോര്‍ട്ടിലെത്തി പണവും ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു. അന്‍പതിനായിരം രൂപയും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ മാവോയിസ്റ്റുകള്‍ എത്തിയ വിവരം സെക്യൂരിറ്റി ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തുകയുമായിരുന്നു. വെടിവെപ്പില്‍ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ സി പി ജലീല്‍ മരിക്കുകയും ഒരാള്‍ക്ക് സാരമായി പരുക്കേറ്റതായും ചെയ്തു. തമിഴ്‌നാട് സ്വദേശി വേല്‍മുരുഗനാണ് പരുക്കേറ്റതെന്നാണ് സൂചന. വനത്തിലേക്ക് രക്ഷപ്പെട്ട മൂന്നുപേരെ കണ്ടെത്താന്‍ തണ്ടര്‍ബോള്‍്ട്ട് വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കൊല്ലപ്പെട്ടത് ജലീലാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വയനാട് ജില്ലാകലക്ടര്‍ എ ആര്‍ അജൈകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. സബ് കലക്ടര്‍ എന്‍ എസ് ഉമേഷിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വൈകിട്ട് നാലയോടെ മൃതദേഹം വന്‍ സുരക്ഷാ സംവിധാനങ്ങളോടെ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies