20-Mar-2019 (Wed)
 
 
 
 
‍സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചു
   
vps
12-Mar-2019
 

താമരശ്ശേരി: പന്തയ കുതിരയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ച് റോഡില്‍ തള്ളി. പുതുപ്പാടി കൊട്ടാരക്കോത്ത് താമസിക്കുന്ന കാരന്തൂര്‍ കുഴിമയില്‍ ഹര്‍ഷാദ്(35)നെയാണ് പത്തിലേറെ വരുന്ന സംഘം കാറില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ധിച്ചത്. സാരമായി പരുക്കേറ്റ ഹര്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ ബൈക്കില്‍ ഓമശ്ശേരിയില്‍ നിന്നും പുതുപ്പാടി ഭാഗത്തേക്ക് പോവുന്നതിനിടെയായിരുന്നു സംഭവം. രണ്ട് കാറുകളിലായി എത്തിയ സംഘം ബൈക്കില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നുവെന്ന് ഹര്‍ഷാദ് പോലീസിന് മൊഴി നല്‍കി. മദ്യം കുടിപ്പിക്കുകയും മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തുവെന്നും ഹര്‍ഷാദ് പറയുന്നു. മുഖത്ത് ഉള്‍പ്പെടെ മാരകമായി മുറിവേല്‍പ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ താമരശ്ശേരി കുടുക്കിലുമ്മാരത്ത് ഇറക്കി വിടുകയായിരുന്നു. ഹര്‍ഷാദിനെ രക്തം വാര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തിയ നാട്ടുകാരാണ് വിവരം താമരശ്ശേരി പോലീസില്‍ അറിയിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മൈസൂരില്‍ ഹോര്‍സ് ക്ലബ് നടത്തുന്ന ഹര്‍ഷാദ് പന്തയ കുതിരയെ നല്‍കാമെന്ന് വിശ്വസിച്ച് 11 ലക്ഷം കൈപ്പറ്റി കബളിപ്പിച്ചുവെന്ന് കാണിച്ച് നെല്ലാങ്കണ്ടി വൈറ്റ് ഹൗസില്‍ അബ്ദുല്‍ മജീദ് കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഹര്‍ഷാദ് അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഹര്‍ഷാദ് കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വക്കീലിനെ കണ്ട് മടങ്ങുന്നതിനിടെയാണ് അക്രമിക്കപ്പെട്ടത്. അബ്ദുല്‍ മജീദിന്റെ മകന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അക്രമിച്ചതെന്ന ഹര്‍ഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies