20-Mar-2019 (Wed)
 
 
 
 
‍പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച മോഷ്ടാവ് അറസ്റ്റില്‍
   
vps
14-Mar-2019
 

താമരശ്ശേരി: പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. മോഷണ കേസില്‍ നാലര വര്‍ഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആഷിഖ്(45) എന്ന സുലൈമാനെയാണ് താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡും തിരുവമ്പാടി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുക്കം പോലീസ് സ്‌റ്റേഷനില്‍ വിളിച്ച ഇയാള്‍ വല്ലത്തായ്പാറ സ്വദേശി വിദേശത്തുനിന്നും മൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും ഇയാള്‍ക്കെതിരെ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതായും അറിയിച്ചിരുന്നു. ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗമാണെന്നും പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. സംസാരത്തില്‍ സംശയം തോന്നിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആഷിഖ് എന്ന സുലൈമാന്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ഈ മാസം ഏഴിനാണ് നാലര വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. 11 ന് കൂടരഞ്ഞി ബസ്റ്റാന്റ് പരിസരത്തെ കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഉള്‍പ്പെടെ ഇയാളാണെന്ന് പോലീസ് കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങള്‍ സഹിതം അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വ്യാജ ഫോണ്‍ സന്ദേശത്തിലൂടെ പോലീസിന്റെ പിടിയിലായത്. വല്ലാത്തായ്പാറയില്‍ നിന്നും വിവാഹം കഴിഞ്ഞ ഇയാള്‍ അടുത്തിടെ വിദേശത്തുനിന്നും എത്തിയ ഭാര്യാ സഹോദരനെ കെണിയില്‍ പെടുത്താനാണ് പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഫോണ്‍ ചെയ്തത്. താമരശ്ശേരി ഡി വൈ എസ് പി. ഇ പി പൃഥിരാജിന്റെ നിര്‍ദേശപ്രകാരം തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ രാജപ്പന്‍, എസ് ഐ സുനില്‍കുമാര്‍, എ എസ് ഐ അബ്ദുറഹിമാന്‍, സി പി ഒ മാരായ സ്വപ്‌നേഷ്, ജദീര്‍, അനീസ്, താമരശ്ശേരി ഡി വൈ എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കല്‍, മുക്കം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയമോദ്, സി പി ഒ ശ്രിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies