19-Jun-2019 (Wed)
 
 
 
 
‍കുന്ദമംഗലം പോലീസ് സ്‌റ്റേഷന് പരിമിതികളില്‍ നിന്നും ശാപമോക്ഷമാവുന്നു
   
vps
16-Mar-2019
 

കുന്ദമംഗലം: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലം പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം സാക്ഷാത്കരിക്കപ്പെടുന്നു. അഡ്വ. പി ടി എ റഹീം എം എല്‍ എ യുടെ ശ്രമഫലമായി 6500 സ്‌ക്വയര്‍ ഫീറ്റില്‍ ആധുനിക രീതിയിലുള്ള കെട്ടിടമാണ് പോലീസ് സ്‌റ്റേഷനായി നിര്‍മിക്കുന്നത്. ബ്രിട്ടൂഷുകാരുടെ കാലത്ത് പോലീസ് സ്‌റ്റേഷനും കോടതിയും പ്രവര്‍ത്തിച്ച കെട്ടിടത്തിന് 95 വര്‍ഷത്തെ പഴക്കമുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരുന്ന് ജോലി ചെയ്യാനോ ഫയലുകള്‍ സൂക്ഷിക്കാനോ ഇവിടെ സൗകര്യമില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അഡ്വ. പി ടി എ റഹീം എം എല്‍ എയുടെ ഇടപെടല്‍ കാരണമായി 35 ലക്ഷം രൂപ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. വനിതാ പോലീസുകാര്‍ക്കുള്ള സൗകര്യം പോലും ഇല്ലാതെ 2000 സ്‌ക്വയര്‍ ഫീറ്റിലായിരുന്നു കെട്ടിട നിര്‍മാണത്തിന് അംഗീകാരം ലഭിച്ചിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരള പോലീസ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ എം എല്‍ എ യെ സമീപിക്കുകയും കെട്ടിടത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതെതുടര്‍ന്ന് ആരംഭിക്കാനിരുന്ന പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. എന്‍ ഐ ടി യിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗം തയ്യാറാക്കിയ പ്ലാന്‍ പ്രകാരം കെട്ടിടം നിര്‍മിക്കുന്നതിന്ന് ഒരു കോടി മുപ്പത്തി അഞ്ച് ലക്ഷം രൂപ എം എല്‍ എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനില്‍ എത്തുന്ന പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആവശ്യത്തിനുള്ള സൗകര്യങ്ങളോടെ അത്യാധുനിക രീതിയിലാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. കെട്ടിട നിര്‍മാണത്തിന്റെ ചുമതല പോലീസ് ഹൗസിംഗ് സൊസൈറ്റിയില്‍ നിന്നും മാറ്റി ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കുന്നതിന്നുള്ള സാങ്കേതിത തടസ്സങ്ങള്‍ നീക്കിയെടുക്കാന്‍ എം എല്‍ എ ക്ക് കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് എം എല്‍ എ യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് പോലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നതെന്ന പ്രത്യേകതയും ഇതിന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies