19-Jun-2019 (Wed)
 
 
 
 
‍ഒളിക്യാമറ വിവാദം ആളികത്തുമ്പോഴും പ്രചാരണത്തില്‍ മുഴുകി എം കെ രാഘവന്‍
   
vps
12-Apr-2019
 

കൊടുവള്ളി: ഒളിക്യാമറ വിവാദം ആളികത്തുമ്പോഴും പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ് കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഇതിനകം രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കിയ രാഘവന്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. യു ഡി എഫിന്റെ ഉരുക്കുകോട്ടയായിരുന്ന കൊടുവള്ളി മണ്ഡലം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം കെ രാഘവന് മികച്ച ഭൂരിപക്ഷം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കൊടുവള്ളി എല്‍ ഡി എഫിനൊപ്പം നിന്നത് എം കെ രാഘവനെ അലട്ടുന്നുണ്ട്. ഇതിനാല്‍ തന്നെ ചുട്ടുപൊള്ളുന്ന വെയിലിനെ വകഞ്ഞു മാറ്റി കൊടുവള്ളി മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ദ കേന്ദ്രീകരിക്കുന്നുണ്ട്.

 

കഴിഞ്ഞ പത്തുവര്‍ഷം പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ കോഴിക്കോടിന് വേണ്ടി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്നും ഇത് ഈ തിരഞ്ഞെടുപ്പില്‍ തനിക്ക് ഗുണം ചെയ്യുമെന്നുമാണ് എം കെ രാഘവന്‍ പറയുന്നത്. നിലവില്‍ യു ഡി എഫിന് അനുകൂല സാഹര്യമാണെന്നും ചരിത്ര വിജയം കൈവരിക്കുമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് എം കെ രാഘവന്‍ വോട്ടര്‍മാരെ കാണുന്നത്. ഒളി ക്യാമറ വിവാദം രാഘവനെയും യു ഡി എഫ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയെങ്കിലും പ്രചാരണത്തില്‍ ഇതു സംബന്ധിച്ച് ആരും ഒന്നും പറയുന്നില്ല. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് പ്രധാന വിഷയം. ഒപ്പം ദേശീയ രാഷ്ട്രീയവും. നാടിനെ രക്ഷിക്കാന്‍ രാഹുലിന് മാത്രമേ കഴിയുകയുള്ളൂ എന്നും ഇതിന്ന് കരുത്തേകാന്‍ യു ഡി എഫിന് വോട്ട് ചെയ്യണമെന്നുമാണ് നേതാക്കളുടെ പ്രസംഗം. വേനല്‍ ചൂടിനൊപ്പം ഒളി ക്യാമറ വിവാദവും എം കെ രാഘവനെ വെള്ളം കുടിപ്പിക്കുന്നുണ്ട്. എന്നാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് രാഘവന്റെ പ്രതികരണം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies