19-Jun-2019 (Wed)
 
 
 
 
‍കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു
   
vps
16-Apr-2019
 

കൊടുവള്ളി: കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനെ അയോഗ്യനാക്കണമെന്ന് കാണിച്ച് കൗണ്‍സിലര്‍ സമര്‍പ്പിച്ച പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. പാലക്കുറ്റി എല്‍ പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ കോ ഓഡിനേറ്ററായി നിയമിതനായ എ പി അബ്ദുല്‍ മജീദ് അനധികൃതമായി ഇരട്ട വേതനം കൈപ്പറ്റിയെന്നുകാണിച്ചാണ് കൗണ്‍സിലറായ ഫൈസല്‍ കാരാട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മജീദ് ഒരേ സമയം സാക്ഷരതാ കോ ഓഡിനേറ്റര്‍ എന്ന നിലയിലുള്ള ജോലി ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കി സ്‌കൂളില്‍ നിന്നും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റുകയും നഗര സഭയുടെ യോഗങ്ങളില്‍ പങ്കെടുത്തുവെന്ന് കാണിച്ച് അലവന്‍സ് എഴുതി എടുക്കുകകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. 2015 നവമ്പര്‍ 12 മുതല്‍ 2016 മെയ് 31 വരെയുള്ള കാലയളവില്‍ 16 കൗണ്‍സില്‍ യോഗങ്ങളിലും 13 ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തതായി കാണിച്ച് നഗരസഭയില്‍ നിന്നും പണം കൈപ്പറ്റിയെന്നും ഇതേ ദിവസങ്ങളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശമ്പളം കൈപ്പറ്റിയെന്നും കാണിച്ച് നഗരസഭ കൗണ്‍സിലറായ ഫൈസല്‍ കാരാട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 91 എന്‍ വകുപ്പ് പ്രകാരം നഗരസഭക്ക് ധന നഷ്ടം വരുത്തിയ ഡെപ്യൂട്ടി ചെയര്‍മാനെ അയോഗ്യനാക്കണമെന്നാണ് പരാതി. മുനിസിപ്പാലിറ്റി യോഗദിവസങ്ങളില്‍ തന്നെ സംസ്ഥാന സാക്ഷരതാ മിഷന്‍ ജോയന്റ് ഡയരക്ടറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം സ്‌കൂളില്‍ നിന്നും ശമ്പളം വാങ്ങിയതിന്റെയും നഗരസഭാ യോഗങ്ങളുടെയും രേഖകളാണ് തെളിവായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ ഈ മാസം 24 ന് ഹാജറാവാന്‍ എ പി അബ്ദുല്‍ മജീദിന് നോട്ടീസ് നല്‍കി. പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ കൊടുവള്ളിയില്‍ യു ഡി എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും. 36 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് പത്തൊമ്പതും എല്‍ ഡി എഫിന് പതിനാറും അംഗങ്ങളാണുള്ളത്. ഒരാള്‍ സ്വതന്ത്രയുമാണ്. യു ഡി എഫിലെ രണ്ട് അംഗങ്ങളെ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ഇവര്‍ക്ക് വോട്ടവകാശമില്ല. എല്‍ ഡി എഫിലെ ഒരംഗം സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ അടുത്തിടെ രാജിവെച്ചു. ഇവിടെ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വിവാദം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies