19-Jun-2019 (Wed)
 
 
 
 
‍രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം; തിരുവമ്പാടിയില്‍ വിപുലമായ ഒരുക്കങ്ങള്‍
   
vps
18-Apr-2019
 

തിരുവമ്പാടി: രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവമ്പാടിയില്‍ വിപുലമായ ഒരുക്കങ്ങള്‍. തിരുവമ്പാടി ടൗണിനോട് ചേര്‍ന്നുള്ള ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച പ്രസംഗിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം ഉച്ചക്ക് ഒരുമണിയോടെയാണ് ഹെലിക്കോപ്റ്ററില്‍ രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ എത്തുന്നത്. തിരുമ്പാടി ടൗണില്‍ നിന്നും ഒരു കിലോമീറ്ററോളം അകലത്തിലുള്ള കെ എസ് ആര്‍ ടി സി ഡിപ്പോയുടെ ഗ്രണ്ടിലാണ് ഹെലിപ്പാട് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും അറുനൂറ് മീറ്ററോളം അകലെയുള്ള സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കാര്‍ മാര്‍ഗ്ഗമാണ് യാത്ര. സ്‌റ്റേജിന്റെയും പന്തലിന്റെയും പ്രവൃത്തികള്‍ രാത്രിയില്‍ പൂര്‍ത്തിയായി. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും ദിവസങ്ങളായി തിരുവമ്പാടിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

 

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലിത്തില്‍ പോലീസ് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ പത്തോളം ഡി വൈ എസ് പി മാരും തണ്ടര്‍ബോള്‍ട്ടും അടങ്ങിയ അഞ്ഞൂറോളം വരുന്ന പോലീസ് സംഘമാണ് സുരക്ഷാ ചുമലതലയിലുള്ളത്. ചൊവ്വാഴ്ച രാവിലെ തിരുവമ്പാടിയിലെത്തിയ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലനവും നടന്നു. എസ് പി ജി ഉദ്യോഗസ്ഥരും തിരുവമ്പാടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രത്യേക പാസ് ലഭിച്ചവര്‍ ഒരു മണിക്കൂര്‍ മുമ്പേ സദസ്സിലെത്തണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. വി വി ഐ പി തിരിച്ചു പോവുന്നതുവരെ സദസ്സില്‍ നിന്നും പുറത്ത് കടക്കാനും കഴിയില്ല. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടക്കുന്ന പരിപാടിയുടെ സുരക്ഷക്കായി കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യേണ്ടി വന്നാല്‍ അതിനുള്ള സംവിധാനങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് റൂറല്‍ എസ് പി പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies