19-Jun-2019 (Wed)
 
 
 
 
‍മോഡിയും ആര്‍ എസ് എസും ഏകീകൃത നിയമം നടപ്പിലാക്കുന്നതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്: രാഹുല്‍ ഗാന്ധി
   
vps
18-Apr-2019
 

തിരുവമ്പാടി: നരേന്ദ്രമോഡിയും ആര്‍ എസ് എസും ഏകീകൃത നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. തിരുവമ്പാടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡിയുടെ വാക്കുകള്‍ മാത്രം എല്ലാവരും കേള്‍ക്കണമെന്നാണ് ഇവര്‍ പറയുന്നത്. ജനങ്ങള്‍ അസ്വസ്ഥരായ സാഹചര്യത്തിലാണ് വടക്കേ ഇന്ത്യയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചത്. വയനാട് തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണവുമുണ്ട്. വ്യത്യസ്ഥ മതവും ആചാരങ്ങളുമാണെങ്കിലും ഭാരതത്തിന്റെ തനിമയും ചിന്തയും കാത്തുസൂക്ഷിക്കുന്നവരാണ്. നിങ്ങളുടെ വിശ്വാസത്തോടൊപ്പം എല്ലാവരും മറ്റുള്ളവരുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു. പ്രധാനമന്ത്രിയെ പോലെ നിങ്ങള്‍ മറ്റുള്ളവരെ പരിഹസിക്കുന്നില്ലെന്നും വയനാടിന്റെ ചിന്താഗതി മറ്റുള്ളവരെ വിഭജിക്കുന്നതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ പ്രതിനിധിയാവാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ആദരവായാണ് കാണുന്നത്. ഞാന്‍ എന്ത് ചിന്തിക്കുന്നു എന്ന് പറയാനല്ല ഞാന്‍ നിങ്ങളുടെ അടുത്ത് വരുന്നത്. നിങ്ങളുടെ മകനും സഹോദരനും സുഹൃത്തും ആയിട്ടാണ്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിക്ക് സാമ്പത്തിക വ്യവസ്ഥയുടെ ബാല പാഠങ്ങള്‍ പോലും അറിയില്ല. നോട്ട് നിരോധനവും ജി എസ് ടി യും സാമ്പത്തിക മേഖലയെ തകര്‍ത്തു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മിന്നല്‍ ആക്രമണമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. വന്‍കിട മുതലാളിമാര്‍ കോടികള്‍ കടമെടുത്ത് മുങ്ങിയാലും ഒന്നും ചെയ്യാതെ വയനാട്ടിലെ പാവപ്പെട്ട കര്‍ഷകന്‍ ഇരുപതിനായിരം രൂപ കടം എടുത്ത് തിരിച്ചടക്കാന്‍ വൈകിയാല്‍ ജയിലില്‍ അടക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇനി ഒരു കര്‍ഷകനും ബേങ്ക് വായ്പയുടെ പേരില്‍ ജയിലില്‍ പോവേണ്ടി വരില്ലെന്ന് ഉറപ്പു നല്‍കുന്നു. കര്‍ഷകര്‍ക്കായി എല്ലാ വര്‍ഷവും പാര്‍ലമെന്റില്‍ പ്രത്യേക ബജറ്റ് അവതരിപ്പിക്കും. വയനാട്ടിലെ പ്രശ്‌നങ്ങള്‍ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ റബര്‍ ഇറക്കുമതി കരാര്‍ റദ്ദാക്കും. ചികിത്സക്കായി വയനാട്ടില്‍ നിന്നും ഏറെ ദൂരം പോവേണ്ട സാഹചര്യമുണ്ട്. വയനാട്ടില്‍ വന്യ ജീവികളും മനുഷ്യരും തമ്മില്‍ ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യവും ബന്ദിപൂര്‍-മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധനവും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയില്ല. എന്നാല്‍ നാം ഒത്തു ചേര്‍ന്നാല്‍ ഇതിനെല്ലാം പരിഹാരം ഉണ്ടാക്കാന്‍ കഴിയും. വയനാട്ടിലെ ടൂറിസം വ്യവസായ സാധ്യതകള്‍ മനസ്സിലാക്കി ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്ക് എത്തുന്ന സാഹചര്യം ഒരുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ടി സിദ്ദീഖ് സ്വഗതവും സി പി ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies