19-Jun-2019 (Wed)
 
 
 
 
‍ഈച്ച ശല്യത്തില്‍ പൊറുതി മുട്ടി ഒരു ഗ്രാമം
   
vps
29-Apr-2019
 

കൂടത്തായി: കൂടത്തായി പൂവോട് പ്രദേശത്ത് ഈച്ച ശല്യം കാരണം പ്രദേശവാസികള്‍ ദുരിതത്തില്‍. മൂന്ന് മാസത്തോളമായി പ്രദേശത്തെ അറുപതോളം കുടുംബങ്ങളാണ് ഈച്ച ശല്യം കാരണം ഭക്ഷണം പാകം ചെയ്യാനോ ഭക്ഷിക്കാനോ കഴിയാതെ പ്രയാസപ്പെടുന്നത്. ഏതാനും വീടുകളില്‍ വന്‍ തോതില്‍ ഈച്ചകളെ കണ്ടെത്തിയപ്പോള്‍ വീട്ടിലോ പരിസരത്തോ മാലിന്യങ്ങള്‍ ഉണ്ടാവാമെന്നു കരുതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. എന്നാല്‍ രാത്രിയില്‍ പോലും കൂടുതല്‍ വീടുകളില്‍ ഈച്ചയുടെ ശല്യം വര്‍ധിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ഈച്ചക്കൂട്ടം പറന്നുവീഴുമെന്നതിനാല്‍ അരപട്ടിണിയും മുഴു പട്ടിണിയിലുമാണ് ഇവിടെയുള്ളവര്‍ കഴിച്ചുകൂട്ടുന്നത്. കുട്ടികളില്‍ വയറിളക്കം, ശര്‍ദ്ദി തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ വ്യാപകമാവുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് അടുത്തിടെ ആരംഭിച്ച കോഴി ഫാമില്‍ നിന്നാണ് ഈച്ചകളെത്തുന്നതെന്ന പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വെറ്റിനറി സര്‍ജനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അടങ്ങുന്ന സംഘം പ്രദേശത്തെത്തി പരിശോധന നടത്തുകയും കോഴി ഫാമില്‍ വന്‍ തോതിലുള്ള ഈച്ചക്കൂട്ടത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. ഈച്ചയെ നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഒരാഴ്ചയോളം ഈച്ച ശല്യം കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഈച്ച ശല്യം വര്‍ധിച്ചു. ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ കോഴി ഫാം അടച്ചു പൂട്ടണമെന്നും ഈച്ച ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരിത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies