19-Jun-2019 (Wed)
 
 
 
 
‍കെ എസ് ആര്‍ ടി സി യുടെ കൊയിലാണ്ടി-താമരശ്ശേരി-പെരിന്തല്‍മണ്ണ ചെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായി
   
vps
30-Apr-2019
 

താമരശ്ശേരി: കെ എസ് ആര്‍ ടി സി യുടെ കൊയിലാണ്ടി-താമരശ്ശേരി-പെരിന്തല്‍മണ്ണ ചെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായി. പത്തുവര്‍ഷം മുമ്പാണ് കൊയിലാണ്ടി-താമരശ്ശേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നുവെന്ന് കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് താമരശ്ശേരി ഡിപ്പോയില്‍ നിന്നും ഒരു ബസ്സ് സര്‍വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യത്തിന് ബസ്സുകള്‍ അനുവദിക്കാത്തതിനാല്‍ സര്‍വീസ് തുടരാനായില്ല. സ്വകാര്യ ബസ് ലോപിയുടെ ഇടപെടലാണ് ചെയിന്‍ സര്‍വീസ് മുടങ്ങാന്‍ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവിലാണ് കൊയിലാണ്ടി-താമരശ്ശേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ പിടിമുറുക്കുന്നത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച സര്‍വീസിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

താമരശ്ശേരി ഡിപ്പോയില്‍ നിന്നും ഏഴ് ബസ്സുകളും പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും ഏഴ് ബസ്സുകളുമാണ് അര മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്നത്. വിവിധ ഡിപ്പോകളില്‍ നിന്നും താമരശ്ശേരി, പെരിന്തല്‍മണ്ണ ഡിപ്പോകള്‍ക്ക് അഞ്ച് വീതം ബസ്സുകള്‍ എത്തിച്ചാണ് ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. കൊയിലാണ്ടിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് രാവിലെ 7 മണിമുതല്‍ രാത്രി 8.30 വരെയും പെരിന്തല്‍മണ്ണയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് രാവിലെ 7 മണിമുതല്‍ വൈകിട്ട് 5 വരെയും അരമണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുക. ഇതിന്നായി താമരശ്ശേരിയില്‍ നിന്നും രാവിലെ 5.50 മുതല്‍ 8.50 വരെ അരമണിക്കൂര്‍ ഇടവിട്ട് കൊയിലാണ്ടിയിലേക്ക് ബസ്സ് പുറപ്പെടും. വൈകിട്ട് 5.30 മുതല്‍ 8.30 വരെ പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകള്‍ താമരശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്കുള്ള റൂട്ടിനേക്കാള്‍ 28 കിലോ മീറ്റര്‍ കുറവാണ് താമരശ്ശേരി വഴിയുള്ള യാത്രി. കോഴിക്കോട് നഗരത്തിലെ ഉള്‍പ്പെട ഗതാഗതക്കുരുക്കില്‍ അകപ്പെടില്ലെന്നതിനാല്‍ സമയ ലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും ലഭിക്കും. യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പുതിയ സര്‍വീസിനെതിരെ സ്വകാര്യ ബസ് ലോപി രംഗത്തെത്തിയിട്ടുണ്ട്. പുതിയ സര്‍വ്വീസ് തടസ്സപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പരക്കുന്നുണ്ട്. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും ജീവനക്കാര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സര്‍വീസ് ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞതായും അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിഷില്‍ പറഞ്ഞു. ബസ്സുകളുടെ ക്ഷാമവും മറ്റും മറയാക്കി സര്‍വീസ് മുടക്കാനുള്ള സാധ്യത മറികടക്കാന്‍ ആവശ്യത്തിന് ബസ്സുകള്‍ ലഭ്യമാക്കിയാല്‍ കൊയിലാണ്ടി പെരിന്തല്‍മണ്ണ റൂട്ട് കെ എസ് ആര്‍ ടി സി യുടെ പിടിയിലൊതുങ്ങും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies