19-Jun-2019 (Wed)
 
 
 
 
‍വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികളുമായി താമരശ്ശേരി പോലീസ്
   
vps
08-May-2019
 

താമരശ്ശേരി: വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികളുമായി പോലീസ്. റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നതോടൊപ്പം നിരന്തര ബോധവല്‍ക്കരണവും സംഘടിപ്പിക്കാന്‍ പോലീസിന്റെ തീരുമാനം. താമരശ്ശേരി പോലീസ് സബ് ഡിവിഷനില്‍ നാല് മാസത്തിനിടെയുണ്ടായ ഇരുനൂറ്റി അന്‍പതോളം വാഹനാപകടങ്ങളില്‍ 24 പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരില്‍ നൂറിലേറെ പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ജനുവരിയില്‍ നടന്ന 71 അപകടങ്ങളില്‍ 11 പേരും ഫെബ്രുവരിയില്‍ നടന്ന 54 അപകടങ്ങളില്‍ 6 പേരും മാര്‍ച്ചില്‍ നടന്ന 52 അപകടങ്ങളില്‍ 4 പേരും മരിച്ചു. ഏപ്രില്‍ മാസത്തിലെ 53 അപകടങ്ങളില്‍ 3 പേരാണ് മരിച്ചത്. ഈ മാസത്തിലും നിരവധി പേര്‍ക്ക് അപകടങ്ങളില്‍ സാരമായി പരുക്കേറ്റു. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് പ്രധാനമായും അപകടത്തില്‍ പെടുന്നതെന്ന വസ്തുത പോലീസിനെയും അമ്പരപ്പിക്കുകയാണ്. 15 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് ഇതില്‍ ഏറെയും. പ്രായപൂര്‍ത്തിയാവാത്തവരും ലൈസന്‍സില്ലാതെ ബൈക്കോടിച്ചവരും ഇക്കൂട്ടത്തിലുണ്ട്. നിയമവിരുദ്ധമായും അശ്രദ്ധയോടെയും വാഹനം ഓടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി താമരശ്ശേരി ഡി വൈ എസ് പി. പി കെ സുധാകരന്‍ പറഞ്ഞു. എഴുപത് ശതമാനം ബൈക്കുകളും സൈഡിലെ കണ്ണാടിയില്ലാതെയാണ് ഓടിക്കുന്നത്. ഇതിനാല്‍ തന്നെ പിന്നിലുള്ള വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. അശ്രദ്ദയോടെ ഓടിച്ച ബൈക്കിനെ വെട്ടിക്കുന്നതിനിടെ അപകടത്തില്‍ പെട്ടവരും നിരവധിയാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പരമാവധി പിഴ ഈടാക്കുന്നതിന് താമരശ്ശേരി പോലീസ് സബ് ഡിവിഷനിലെ ഏഴ് പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ധേശം നല്‍കിയതായി ഡി വൈ എസ് പി പറഞ്ഞു. രക്ഷിതാക്കളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം കാരണമാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ബൈക്കോടിക്കാന്‍ കാരണം. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡി വൈ എസ് പി നടത്തിയ വാഹന പരിശോധനയില്‍ നിയമം ലംഘിച്ച 12 ബൈക്കുകള്‍ പിടിച്ചെടുത്തു. പിഴ ചുമത്തിയ ശേഷം ബോധവല്‍ക്കരണവും നടത്തിയാണ് ഇവരെ വിട്ടയച്ചത്. മതിയായ രേഖകള്‍ ഹാജറാക്കാത്ത ബൈക്കുകള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. റോഡിലെ കുരുതികള്‍ ഇല്ലാതാക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies