19-Jun-2019 (Wed)
 
 
 
 
‍താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കാന്‍ പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും രംഗത്ത്
   
vps
06-May-2019
 

താമരശ്ശേരി: താലൂക്ക് ആസ്ഥാനമായ താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും രംഗത്ത്. അനധികൃത പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ഒഴിവാക്കി ദേശീയപാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കാനുള്ള പോലീസിന്റെ തീരുമാനത്തിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ താമരശ്ശേരി ടൗണിലെയും ചുങ്കം ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ അത്യാസന്ന നിലയിലുള്ള രോഗികളെയോ അപകടത്തില്‍ പരുക്കേറ്റവരെയോ കൊണ്ടുപോവുന്ന ആമ്പുലന്‍സുകള്‍ പോലും പെരുവഴിയിലാവുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ പടിയായി താമരശ്ശേരി ഡി വൈ എസ് പി. പി കെ സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ എന്നിവരടങ്ങിയ സംഘം വാഹനങ്ങള്‍ക്ക് കടന്നുപോവാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ മുന്നിട്ടിറങ്ങി. ബസ് ബേയുടെ അശാസ്ത്രീയ നിര്‍മാണം കാരണം ബസ്സുകള്‍ക്ക് കയറാനും ഇറങ്ങാനുമുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് താഴ്ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. മിനി ബൈപ്പാസില്‍ നിന്നും ദേശീയ പാതയിലേക്ക് കയറാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. ചുങ്കം ജംഗ്ഷനില്‍ ഗതാഗതത്തിന് തടസ്സമായിരുന്ന മണ്‍കൂന നീക്കം ചെയ്തു. ഈ മാസം പത്താം തിയ്യതില്‍ മുതല്‍ ട്രാഫിക് പരിഷ്‌കരണം കര്‍ശനമായി നടപ്പിലാക്കുമെന്നും അനധികൃത പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടൗണില്‍ വൈകിട്ട് പോലീസ് പെട്രോളിംഗ് ശക്തമാക്കും. റോഡിന്റെ ഇരുവശത്തുമുള്ള പാര്‍ക്കിംഗും അശാസ്ത്രീയമായ ഓട്ടോ പാര്‍ക്കിംഗും ഒഴിവാക്കും. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം സ്വരൂപിച്ചാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies