19-Jun-2019 (Wed)
 
 
 
 
‍കുന്ദമംഗലം-അഗസ്ത്യന്‍മുഴി റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടിയായി
   
vps
06-May-2019
 

കുന്ദമംഗലം: കുന്ദമംഗലം-എന്‍ ഐ ടി-അഗസ്ത്യന്‍മുഴി റോഡ് പ്രവൃത്തി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 13 കിലോമീറ്റര്‍ നീളത്തില്‍ പരിഷ്‌കരിക്കുന്ന റോഡിന് 14 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവില്‍ 5.5 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത ഈ റോഡ് 7 മീറ്റര്‍ വീതിയില്‍ ബി എം ബി സി ചെയ്താണ് പരിഷ്‌കരിക്കുന്നത്. വലിയ വളവുകളില്‍ പരമാവധി സൗകര്യപ്പെടുത്തി പ്രവൃത്തി നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളും സ്ഥലമുടമകളും ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് ധാരണയിലെത്തി. ഈ റോഡിന്റെ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ നാഷണല്‍ ഹൈവേയിലൂടെ മലയോര മേഖലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കും. 36 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നു വരുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി ഡബ്ല്യു ആര്‍ ഡി എം റോഡ്, 25 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കളന്‍തോട് കൂളിമാട് റോഡ്, 7 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ച ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ് എന്നിവയുമായും ഈ റോഡ് ബന്ധിപ്പിക്കും. 25 കോടി രൂപ ചെലവില്‍ പ്രവൃത്തി ആരംഭിച്ച കൂളിമാട് പാലം വഴി മലപ്പുറം ജില്ലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും ഈ റോഡ് സഹായകമാവും. പി ടി എ റഹീം എം എല്‍ എ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, വൈസ് പ്രസിഡന്റ് ടി എ രമേശന്‍, മെമ്പര്‍മാരായ ഷാജു കുനിയില്‍, ശോഭന അഴകത്ത്, കെ നാരായണന്‍ നമ്പൂതിരി, പൊതുമരാമത്ത് നാഷണല്‍ ഹൈവേ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ബി ബൈജു, അസി. എഞ്ചിനീയര്‍ കെ തുഷാര, ടി കെ മുരളീധരന്‍, എന്‍ പി ഹംസ മാസ്റ്റര്‍, പി ഷൈപു തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies