19-Jun-2019 (Wed)
 
 
 
 
‍വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതി; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍
   
vps
11-May-2019
 

മുക്കം: വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപരെ സസ്‌പെന്റ് ചെയ്തു. മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഓഫീസിലിരുന്ന് പരീക്ഷ എഴുതിയതായി കണ്ടെത്തിയത്. ഇദ്ദേഹത്തെയും ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി കെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

 

മൂല്യനിര്‍ണയത്തിനിടെ രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് വിദഗ്ത പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്‌കൂള്‍ ഓഫീസിലിരുന്ന് പരീക്ഷ എഴുതുകയായിരുന്നുവെന്ന് തെളിഞ്ഞത്. ഇതേ സമയം രണ്ടു കുട്ടികളും പരീക്ഷാ ഹാളിലുണ്ടായിരുന്നു. പരീക്ഷയ്ക്ക് ശേഷം കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകന്‍ എഴുതിയ പേപ്പറാണ് മൂല്യനിര്‍ണയത്തിനായി അയച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വണ്‍ ഉത്തരക്കടലാസുകളും പരിശോധിച്ചു. പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് അധ്യാപകരെയും കുട്ടികളെയും അടിയന്തിരമായി ഹിയറിങിന് വിളിച്ചെങ്കിലും പ്രിന്‍സിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ് ഹാജരായത്. ഒന്നാം പ്രതി ഹാജരായില്ല. രണ്ട് വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies