18-Jul-2019 (Thu)
 
 
 
 
‍രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്
   
vps
30-May-2019
 

കോടഞ്ചേരി: നൂറാംതോട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മരണ കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. മുട്ടിത്തോട് വയലിറക്കത്ത് പുത്തന്‍വീട് ബാബു-അബിന ദമ്പതികളുടെ മകളാണ് ചൊവ്വാഴ്ച മരിച്ചത്. രാവിലെ ഛര്‍ദ്ധി വന്നതിനെ തുടര്‍ന്ന് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും വൈകിട്ടോടെ വീണ്ടും ഛര്‍ദ്ധിയും പനിയും വന്നതിനെ തുടര്‍ന്ന് താമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിനകം കുഞ്ഞ് മരണത്തിന് കീഴടങ്ങി. മരണ കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയുമായിരുന്നു. ഇവരുടെ ഇരട്ട മക്കളായ എബി, സിബി എന്നിവര്‍ക്കും പനിയും ശര്‍ദ്ധിയും വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ചികിത്സയിലുള്ള കുട്ടികളുടെ പരിശോധനാ ഫലവും ലഭിച്ചാല്‍ മാത്രമേ രോഗം സംബന്ധിച്ച വ്യക്ത ലഭിക്കുകയുള്ളൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഷിഗല്ല വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തില്‍ പ്രദേശത്തെ കിണറുകള്‍ കോടഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. വെള്ളം പരിശോധനക്കായി ശേഖരിക്കുകയും മലമുകളില്‍ നിന്നും പൈപ്പ് വഴി വെള്ളം ശേഖരിക്കുന്ന ഭാഗത്ത് നിക്ഷേപിക്കാന്‍ ക്ലോറിനേഷന്‍ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇവര്‍ നേരത്തെ വാടകക്ക് താമസിച്ചിരുന്ന പുതുപ്പാടി കാക്കവയലിലെ വീട്ടുപരിസരത്തെ അന്‍പതോളം കിണറുകള്‍ പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. ഇവര്‍ ഉപയോഗിച്ച കിണറ്റില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കോടഞ്ചേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കിഷോര്‍ പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies