26-Feb-2020 (Wed)
 
 
 
 
‍കട്ടിപ്പാറയെ നടുക്കിയ കരിഞ്ചോല ദുരന്തത്തിന് ഒരു വയസ്സ്
   
vps
04-Jun-2019
 

കട്ടിപ്പാറ: നാടിനെ നടുക്കിയ കരിഞ്ചോല ദുരന്തത്തിന് ഒരു വയസ്സ്. കഴിഞ്ഞ റമളാന്‍ 29 ന് പുലര്‍ച്ചെയാണ് കരിഞ്ചോല മലയില്‍ രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടലുണ്ടായത്. പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളുമായി റമളാനിലെ അവസാന നോമ്പ് നോറ്റ് പ്രഭാതം പുലരാന്‍ കാത്തിരുന്നവരാണ് ആര്‍ത്തലച്ച് വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. 14 പേര്‍ മരണത്തിന് കീഴടങ്ങിയ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് സാരമായി പുരുക്കേല്‍ക്കുകയും ചെയ്തു. 9 വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കര്‍ കണക്കായ കൃഷി ഭൂമി ഒലിച്ചു പോയി. ഭീതി കാരണം എഴുപതോളം കുടുംബങ്ങളാണ് വീടുവിട്ടിറങ്ങിയത്. സഹജീവികളുടെ കണ്ണീരൊപ്പാന്‍ സമൂഹം കൈകോര്‍ത്തതിന്റെ കൂടി ഓര്‍മകളാണ് കരിഞ്ചോലയിലേത്. മണ്ണിനും പാറക്കല്ലുകള്‍ക്കും അടിയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് നൂറുകണക്കായ ആളുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും ഒരുമിച്ചു നിന്നപ്പോള്‍ എല്ലാ പ്രതികൂല കാലാവസ്ഥകളെയും തരണം ചെയ്ത് അവസാന മയ്യിത്തും കണ്ടെടുക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലും വാടക വീടുകളിലുമായി കഴിഞ്ഞ പലരും ഭീതിയോടെ സ്വന്തം ഭവനങ്ങളിലേക്ക് തിരിച്ചു പോയെങ്കിലും ഇപ്പോഴും വാടക വീടുകളിലും ബന്ധു വീടുകളിലും കഴിയുന്നവരുണ്ട്. മരിച്ചവര്‍ക്ക് നാല് ലക്ഷം വീതവും വീട് പൂര്‍ണമായും തകര്‍ന്ന 9 കുടുബങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും 10 ലക്ഷം വീതവും ദിവസങ്ങള്‍ക്കകം ലഭ്യമാക്കിയത് ദുരിതബാധിതര്‍ക്ക് ആശ്വാസമായി. കാരാട്ട് റസാഖ് എം എല്‍ എ ചെയര്‍മാനും താമരശ്ശേരി തഹസില്‍ദാര്‍ കണ്‍വീനറും ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ ട്രഷററുമായ കമ്മിറ്റിയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വീട് പൂര്‍ണമായും തകര്‍ന്ന 9 കുടുംബങ്ങളും ഒരു വര്‍ഷമായി കമ്മിറ്റി ഏര്‍പ്പാടാക്കിയ വാടക വീട്ടിലാണ് താമസം. ഇവരുടെ വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ വീട്ടുവാടക കമ്മിറ്റി നല്‍കും. ഒരാളുടെ വീടിന്റെ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായി. മറ്റുള്ളവയുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കും ഭീതി കാരണം വീട് വിട്ടവര്‍ക്കും പുനരധിവാസ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിവിധ സംഘടനകളും കൂട്ടായ്മകളും വീട് നിര്‍മിച്ചു നല്‍കുന്നുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആറോളം വീടുകള്‍ പൂര്‍ത്തീകരിച്ച് ഇരകള്‍ക്ക് കൈമാറി. എന്‍ എസ് എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവരും വീട് നിര്‍മിക്കുന്നുണ്ട്. പുനരധിവാസം ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനാവുമെങ്കിലും കരിഞ്ചോലക്കാരുടെ മനസ്സിലെ മുറിവുണക്കാന്‍ ആര്‍ക്കും സാധ്യമല്ല. കൂടപ്പിറപ്പുകള്‍ നഷ്ടപ്പെട്ടവര്‍ നീറുന്ന വേദനയുമായാണ് വിവിധ പ്രദേശങ്ങളില്‍ കഴിച്ചു കൂട്ടുന്നത്. കരിഞ്ചോലയിലേക്ക് തിരിച്ചു പോവാന്‍ പലരുടെയും മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല. ചെറിയ കാര്‍മേഘത്തെ പോലും കരിഞ്ചോലക്കാര്‍ ഇപ്പോള്‍ ഭീതിയോടെയാണ് നോക്കുന്നത്. ജനിച്ചു വളര്‍ന്ന മണ്ണ് ഉപേക്ഷിക്കാന്‍ മനസ്സില്ലെങ്കിലും കണ്‍മുന്നില്‍ കണ്ട ദുരന്തം മനസ്സില്‍ നിന്നും മായുന്നില്ലെന്നാണ് ഇവര്‍ കണ്ണീരോടെ പറയുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies