18-Jul-2019 (Thu)
 
 
 
 
‍ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം തിരിച്ചറിയണം: മന്ത്രി ടി പി രാമകൃഷ്ണന്‍
   
vps
08-Jun-2019
 

ബേപ്പൂര്‍: ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ഓരോരുത്തരും തിരിച്ചറിയണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ദിവസം 10,000 ടണ്‍ മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. സര്‍ക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടും മാലിന്യനിര്‍മാര്‍ജനം പൂര്‍ണ്ണമായും ഫലവത്തായില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഭൂമി വരും തലമുറകള്‍ക്കും ഉപകാരപ്പെടും വിധം സംരക്ഷിക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം മനുഷ്യനാണ്. അതിനായി പരിസ്ഥിതി സംരക്ഷണത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. വീട്, വിദ്യാലയം, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍ തുടങ്ങിയവയില്‍ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വെറുതെ നട്ടാല്‍ മാത്രം പോരാ, വളരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 2017- 18 കാലഘട്ടത്തില്‍ നട്ട ചെടികളില്‍ 63% വളരുന്നു എന്നാണ് കണക്ക്.

 

മഴക്കാലപൂര്‍വ്വ ശുചീകരണം പൊതു ജനങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് നിപ വന്നെങ്കിലും നമ്മെ രക്ഷിച്ചത് ജനങ്ങളുടെ നിതാന്ത ജാഗ്രതയാണ്. പകര്‍ച്ചവ്യാധികള്‍ നമുക്കുചുറ്റുമുണ്ട്. നാടിനെ മാലിന്യ വിമുക്തമാക്കിക്കൊണ്ടേ പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷ നേടാനാവൂ. പരിസ്ഥിതി സൗഹൃദ ചുറ്റുപാട് സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും പ്രധാന പങ്കു വഹിക്കാനാകും. ഈവര്‍ഷം ജില്ലയില്‍ നാല് ലക്ഷം വൃക്ഷത്തൈകള്‍ ആണ് വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗവും പരിസ്ഥിതിനാശം ഉയര്‍ത്തുന്നു. കടലില്‍ എത്തുന്ന ഒന്നര കോടി ടണ്‍ പ്ലാസ്റ്റിക് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. വികെസി മമ്മദ് കോയ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകത കുട്ടികളുടെ മനസ്സില്‍ എത്തിക്കാന്‍ ലോക പരിസ്ഥിതി ദിനം പോലുള്ള ദിനാചരണങ്ങള്‍ സഹായിക്കുമെന്ന് വി കെ സി മമ്മദ് കോയ എം എല്‍ എ പറഞ്ഞു. വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ വൃക്ഷത്തൈ വിതരണത്തിനു പുറമേ, വൃക്ഷത്തൈയുടെ വളര്‍ച്ച ഓരോ മൂന്നു മാസവും വ്യക്തമാക്കുന്ന സെല്‍ഫികള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ഇതിനെ അടിസ്ഥാനമാക്കിയുള്ള സെല്‍ഫി മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനം ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കായുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വ്വഹിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍ ബേപ്പൂര്‍ വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോക്ടര്‍ സി മീനാക്ഷി, പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫസര്‍ ടി ശോഭീന്ദ്രന്‍, ജോണ്‍സന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies