22-Jan-2020 (Wed)
 
 
 
 
‍കേരളത്തിന്റെ വികസനത്തിനും പ്രശ്‌ന പരിഹാരത്തിനും നരേന്ദ്ര മോദിയുടെ ഇടപെടല്‍ പ്രതീക്ഷിക്കേണ്ടതില്ല: രാഹുല്‍ ഗാന്ധി
   
vps
10-Jun-2019
 

ഈങ്ങാപ്പുഴ: കേരളത്തിന്റെ വികസനകാര്യങ്ങളിലും നേരിടുന്ന പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം പിയുമായ രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. തിരുവമ്പാടി അസംബ്ലി മണ്ഡലത്തിലെ ഈങ്ങാപ്പുഴ ടൗണില്‍ നടത്തിയ റോഡ്‌ഷോയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോടും കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ ഭരിക്കുന്ന സംസ്ഥാനങ്ങളോടും പ്രധാനമന്ത്രിക്ക് രണ്ടുതരം നയമാണ്. ഉത്തര്‍പ്രദേശിനോട് സ്വീകരിക്കുന്ന സമീപനമല്ല അദ്ദേഹം കേരളത്തോട് കാണിക്കുന്നതെന്ന് മുന്‍കാല അനുഭവം കൊണ്ട് മനസിലാക്കാം. വിദ്വേഷവും പകയുമാണ് ബി ജെ പിയുടെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. കേരളത്തില്‍ വന്ന് എനിക്ക് വാരാണസി പോലെയാണ് കേരളം എന്നൊക്കെ പ്രധാനമന്ത്രി പറയുമെങ്കിലും ആര്‍ എസ് എസിന്റെ ആശയങ്ങള്‍ പിന്തുടരാത്തവര്‍ ഇന്ത്യക്കാരല്ലെന്ന സമീപനമാണ് അവര്‍ക്കുള്ളത്. കേരളക്കാര്‍ അത്തരം ആശയങ്ങള്‍കൊണ്ട് തങ്ങളെ ഒരിക്കലും ഭരിക്കാനാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയും പ്രത്യേകിച്ച് വയനാടിന് വേണ്ടിയും ശക്തമായി പോരാടാന്‍ സഭയില്‍ താനുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലതും ലളിതമായി പരിഹരിക്കാവുന്നതല്ല. ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണെങ്കിലും ജനങ്ങളോടൊപ്പം നിന്ന് പ്രശ്‌നപരിഹാരത്തിന് തന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പുതുപ്പാടി-കോടഞ്ചേരി പഞ്ചായത്തുകളില്‍ നിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ജനങ്ങളാണ് രാഹുല്‍ഗാന്ധിയെ ഒരുനോക്കു കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായി ഈങ്ങാപ്പുഴയിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ടൗണിലെ ഇരുഭാഗങ്ങളിലുമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ നേരത്തെ തന്നെ സ്ഥാനംപിടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് പാര്‍ലമെന്റ് കമ്മിറ്റി ജന. കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി, എം എല്‍ എമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, കെ പി സി സി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, സി പി ചെറിയ മുഹമ്മദ്, വി കെ ഹുസൈന്‍കുട്ടി, ബിജു താന്നിക്കാകുഴി, അഡ്വ. പി സി നജീബ് തുടങ്ങിയവര്‍ റോഡ്‌ഷോയില്‍ അനുഗമിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies