15-Sep-2019 (Sun)
 
 
 
 
‍വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സമ്മിശ്ര കൃഷിയുമായി കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്‌കൂള്‍
   
vps
03-Jul-2019
 

കട്ടിപ്പാറ: വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സമ്മിശ്ര കൃഷിയുമായി കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്‌കൂള്‍. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയാണ് വിദ്യാര്‍ത്ഥികളെ കാര്‍ഷിക വൃത്തിയുടെ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചേമ്പ്, ചേന, കപ്പ എന്നിവ നട്ടു പിടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ കരനെല്ല് വിളയിച്ചെടുക്കാനായിരുന്നു തീരുമാനം. കട്ടിപ്പാറ ഗ്രാമപഞ്ചായത്തും കൃഷിഭവനും പിന്തുണ നല്‍കി. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തില്‍ വിത്തിറക്കി. പാഠപുസ്തകത്തിലെ കൃഷി അറിവുകള്‍ക്കപ്പുറമാണ് മണ്ണിലിറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. സ്‌കൂളിലേക്കാവശ്യമായ പച്ചക്കറികളെല്ലാം വിളയിച്ചെടുത്ത് വിദ്യാര്‍ത്ഥികളെ കാര്‍ഷിക വൃത്തിയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ എം എ അബ്രഹാം പറഞ്ഞു. പ്രദേശത്തെ പാരമ്പര്യ കര്‍ഷകനായ ചന്തുക്കുട്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക വൃത്തികള്‍ പരിശീലിപ്പിക്കുന്നത്. കരനെല്‍ കൃഷിയുടെ വിത്തിടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മദാരി ജുബൈരിയ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡന്റ് വി പി ബാബു, കൃഷി അസിസ്റ്റന്റ് ബിജു, പ്രധാനാധ്യാപകന്‍ എം എ അബ്രാഹം, അനൂജ ജോസഫ് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies