12-Nov-2019 (Tue)
 
 
 
 
‍ഇന്ത്യക്കു വേണ്ടി ജഴ്‌സിയണിയുന്ന സന്തോഷത്തില്‍ കണ്ണപ്പന്‍കുണ്ട് സ്വദേശി സാബിത്
   
vps
05-Jul-2019
 

പുതുപ്പാടി: ഇന്ത്യക്കു വേണ്ടി ജഴ്‌സിയണിയണമെന്ന സ്വപ്നം പൂവണിഞ്ഞതിലുള്ള സന്തോഷത്തിലാണ് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി മുഹമ്മദ് സാബിത്. കണ്ണപ്പന്‍കുണ്ട് നാടത്തിങ്ങല്‍ റഫീഖിന്റെ മകനായ മുഹമ്മദ് സാബിത്ത് ചെന്നൈയില്‍ നടന്ന സെലക്ഷനിലാണ് അണ്ടര്‍ 21 ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തായ്‌ലന്റില്‍ നടക്കുന്ന അണ്ടര്‍ 21 യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ നടന്ന ക്യാമ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 380 ഓളം താരങ്ങളാണ് മാറ്റുരച്ചത്. ഇതില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് സാബിത് ദേശീയ ടീമിലെത്തിയത്. ഫുട്‌ബോള്‍ കളിക്കാരനും പരിശീലകനുമായ പിതാവ് റഫീഖാണ് സാബിത്തിനെ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളത്തിലിറക്കിയത്.

 

12 വര്‍ഷമായി സ്‌കൂള്‍ ജൂനിയര്‍, യൂത്ത് ടീമുകളിലെ മുന്നേറ്റക്കളിക്കാരനാണ്. അണ്ടര്‍ 21 യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലും സാബിത് കളിച്ചിരുന്നു. കൊടുവള്ളി ഗവ. ആര്‍ട്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സാബിത്തിന് കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്ന കുടുംബത്തിന് തണലേകാന്‍ കാല്‍പന്തിലൂടെ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് ആഗ്രഹം. സാബിതിന്റെ പിതാവ് റഫീഖിന് ചെറുപ്പത്തില്‍ ദേശീയ സ്‌കൂള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചെങ്കിലും വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍ കാരണം ദേശീയ സ്വപ്‌നം ഉപേക്ഷിക്കേണ്ടി വന്നു. തനിക്ക് നഷ്ടപ്പെട്ടത് മകനിലൂടെ തിരിച്ച് കിട്ടുകയാണെന്ന സന്തോഷത്തിലാണ് റഫീഖ്. മര്‍ക്കസ് നോളജ് സിറ്റിയിലെ ഫുട്‌ബോള്‍ കോച്ചാണ് റഫീഖ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies