12-Nov-2019 (Tue)
 
 
 
 
‍കണ്ണോത്ത് പള്ളി വികാരിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി
   
vps
06-Jul-2019
 

കോടഞ്ചേരി: കണ്ണോത്ത് പള്ളി വികാരിയുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ അസഭ്യം പറഞ്ഞുകൊണ്ട് പ്രകടനം നടത്തിയ നടപടി ജനാധിപത്യ വിരുദ്ധമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പള്ളിവകയായുള്ള കെട്ടിടം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പുണ്ടായ തര്‍ക്കം അവസാനിപ്പിച്ചതാണെന്നിരിക്കെ വിഷയം തെരുവിലേക്ക് വലിച്ചിഴച്ച പള്ളിവികാരിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കണ്ണോത്ത് കത്തോലിക്കാ ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം 2017 ഡിസംബറില്‍ ശാന്തിനഗര്‍ കണയംകൊട് സ്വദേശിനി ഷീബ ഹോട്ടല്‍ നടത്താന്‍ വാടകക്ക് എടുത്തിരുന്നു. പന്ത്രണ്ടായിരം രൂപയായിരുന്നു വാടക. മൂന്ന് മാസത്തിനകം തന്നെ ഹോട്ടല്‍ നഷ്ടത്തിലായി. കച്ചവടം തുരടാനാവില്ലെന്നും ഡെപ്പോസിറ്റായി നല്‍കിയ പണം തിരികെ നല്‍കണമെന്നും പള്ളി വികാരിയെ അറിയിച്ചപ്പോള്‍ 11 മാസത്തെ വാടക പിടിക്കുമെന്നായിരുന്നു മറുപടിയെന്ന് വ്യാപാരികള്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ പള്ളിവികാരിയുടെ നേതൃത്വത്തില്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച് താമരശ്ശേരി ബിഷപ്പിന് പരാതി നല്‍കിയിരുന്നു. പള്ളിവികാരിക്ക് തെറ്റ് സംഭവിച്ചുവെന്ന് ബിഷപ്പ് അംഗീകരിച്ചതാണ്. കഴിഞ്ഞ ദിവസം നടന്ന വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് പള്ളി വികാരി വിശ്വാസികളെ വിളിച്ചുവരുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. നേതാക്കളെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സി ജെ ടെന്നിസണ്‍, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് മാളിക, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പോള്‍സണ്‍ അറക്കല്‍, വൈസ് പ്രസിഡന്റ് ബി മൊയ്തീന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies