12-Nov-2019 (Tue)
 
 
 
 
‍മുക്കത്ത് തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു: കടിയേറ്റവര്‍ ഭീതിയില്‍; ഇന്നും നിരവധി പേര്‍ക്ക് കടിയേറ്റു
   
vps
13-Jul-2019
 

മുക്കം: കഴിഞ്ഞ ശനിയാഴ്ച മുക്കം കെ ഡി സി ബാങ്കിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ പൂക്കാട് വെറ്റിനറി ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 30 ന് ഈ നായ 17 പേരെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് കടിയേറ്റവര്‍ക്ക് രണ്ടു തവണ കുത്തിവെപ്പ് നടത്തിയിരുന്നെന്നും ഇവര്‍ ഒരു തവണ കൂടി കുത്തിവയ്‌പ്പെടുക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. അതിനിടെ ഇന്നും തെരുവ് നായയുടെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മുത്തേരിയില്‍ രണ്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. രാവിലെ ഒമ്പത് മണിയോടെ സ്‌കൂളില്‍ പോവുകയായിരുന്ന അഭയ് എന്ന വിദ്യാര്‍ത്ഥിക്കും സരോജിനി എന്ന സ്ത്രീക്കുമാണ് കടിയേറ്റത്. ഇവരെ മുക്കം ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി കടിയേറ്റവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടിയതായാണ് വിവരം. അതേ സമയം വ്യാഴാഴ്ച തെരുവ് നായയുടെ കടിയേറ്റ 4 പേര്‍ വലിയ ഭീതിയിലാണിപ്പോള്‍. കാരശ്ശേരി ബാങ്കിന് മുന്‍വശം, മുക്കം കടവ് പാലത്തിന് സമീപം, കാര മൂല എന്നിവിടങ്ങളില്‍ വെച്ചാണ് 4 പേര്‍ക്ക് കടിയേറ്റത്. ഈ സാഹചര്യത്തില്‍ മുക്കം നഗരസഭാ പരിധിയിലെ വിവിധയിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവ് നായ് ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ മുക്കം ചാരിറ്റബിള്‍ സൊസൈറ്റി മുക്കം നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി. എന്റെ മുക്കം പ്രസിഡന്റ് സലീം പൊയിലില്‍, ജനറല്‍ സെക്രട്ടറി എന്‍ ശശികുമാര്‍, ട്രഷറര്‍ എം കെ മമ്മദ് ഉപദേശക സമിതി മെമ്പര്‍മാരായ ബക്കര്‍ കളര്‍ബലൂണ്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies