13-Dec-2019 (Fri)
 
 
 
 
‍വികസന പാതയില്‍ താമരശ്ശേരി ചുരം റോഡ്; മൂന്ന്, അഞ്ച് വളവുകളിലെ നവീകരണം പൂര്‍ത്തിയായി
   
vps
12-Jul-2019
 

താമരശ്ശേരി: ചുരം മൂന്ന്, അഞ്ച് വളവുകളിലെ നവീകരണം പൂര്‍ത്തിയായി. പ്രളയത്തില്‍ ഇടിഞ്ഞ്താഴ്ന്ന ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍, മൂന്ന്, അഞ്ച് വളവുകള്‍ വീതി കൂട്ടി നവീകരിക്കല്‍, തകര്‍ന്ന പാര്‍ശ്വഭിത്തികളുടെ നവീകരണം എന്നിവയാണ് പൂര്‍ത്തിയായത്. പൂര്‍ത്തിയായ പ്രവൃത്തികള്‍ 13 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് രണ്ടാം വളവില്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 2018 ജൂണ്‍ 14നുണ്ടായ കനത്ത മഴയിലാണ് ചുരം റോഡില്‍ ഒന്നാം വളവിനും ചിപ്പിലിത്തോടിനുമിടയില്‍ റോഡ് പകുതിയോളമിടിഞ്ഞ് ഗതാഗതം പൂര്‍ണമായി നിലച്ചത്. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലായിരുന്നു. റോഡ് ഇടിഞ്ഞതിന് ഇരു ഭാഗത്ത് നിന്നും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയാണ് ഗതാഗതം താല്‍ക്കാലികമായി അന്ന് നിയന്ത്രിച്ചത്. പിന്നീട് ഇടിഞ്ഞതിന് സമീപത്തുകൂടി താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചു വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു. ആറ് കോടി ചെലവഴിച്ചാണ് മൂന്ന്, അഞ്ച് വളവുകളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. വനംഭൂമി ഏറ്റെടുത്ത് ചുരത്തിലെ മുടിപ്പിന്‍ വളവുകള്‍ വീതി കൂട്ടി നവീകരിക്കുകയെന്ന വര്‍ഷങ്ങളായുള്ള ആനശ്യത്തിനാണ് പരിഹാരമാകുന്നത്. 18 മീറ്റര്‍ ബി എം ബി സി ടാറിങ് അടക്കം 25 മീറ്ററിലധികമാണ് രണ്ടു വളവുകളിലും വീതി വര്‍ധിച്ചത്. കൂടാതെ സംരക്ഷണഭിത്തി, പാര്‍ശ്വഭിത്തി, ഓവുചാല്‍ എന്നിവയും നിര്‍മ്മിച്ചു. വനഭൂമി, സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വിട്ടുകിട്ടിയത്. മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനായി 0.92 ഹെക്ടര്‍ ഭൂമിയാണ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. ഭൂമി വിട്ടുകിട്ടുന്നതിന് 35.02 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിലേക്ക് അടച്ചു. ഇതോടെയാണ് ചുരം വളവുകള്‍ വീതികൂട്ടുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായത്. ഡിസംബറില്‍ ആരംഭിച്ച മൂന്ന്, അഞ്ച് വളവുകളിലെ പ്രവൃത്തികള്‍ ജൂണ്‍ അവസാനവാരത്തോടെ പൂര്‍ത്തിയായി. ആറ്, ഏഴ്,എട്ട് വളവുകളിലെ നവീകരണ പ്രവൃത്തികള്‍ക്കായി 40 കോടിയുടെ പദ്ധതി നിര്‍ദ്ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആറ്, ഏഴ്, എട്ട് വളവുകള്‍ കൂടി നവീകരിക്കുന്നതോടെ ചുരം റോഡിലെ യാത്രാക്ലേശം പൂര്‍ണമായി പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ വിനയരാജ് പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies