പരിയങ്ങാട്- കൊണാറമ്പ- പെരുവയല്‍- പള്ളിത്താഴം റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പെരുവയല്‍: പരിയങ്ങാട്- കൊണാറമ്പ- പെരുവയല്‍- പള്ളിത്താഴം റോഡ് പരിഷ്കരണ പ്രവൃത്തി പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്തു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. മാങ്കാവ് കണ്ണിപറമ്പ് റോഡ്, പെരിങ്ങളം ചെത്തുകടവ് റോഡ്, ചെട്ടികടവ് ആര് ഇ സി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് ഇതു വഴി പൂര്‍ത്തീകരിക്കുന്നത്. ഇതോടെ വികസന കാര്യത്തില്‍ പിന്നോക്കം നിന്നിരുന്ന പ്രദേശങ്ങളിലെ യാത്രാ ദുരിതം പഴങ്കഥയാവുകയാണ്. കുന്ദമംഗലം മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് ഒപ്പമെത്തുന്ന ഈ റോഡ് ആധുനിക രീതിയില്‍ ബി എം ബി സി ചെയ്ത് 3.5 കോടി രൂപ ചെലവിലാണ് പരിഷ്കരിക്കുന്നത്. പരിയങ്ങാട് മുതല്‍ പള്ളിത്താഴം വരെയുള്ള ഭാഗങ്ങളാണ് നിലവില്‍ നവീകരിക്കുന്നത്. 2700 മീറ്റര്‍ ദൂരം ആധുനിക രീതിയിലുള്ള സബ് ബേസ് നല്കി ബി എം ബി സി പ്രതലവും 1060 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജും ആവശ്യമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളും നല്കുവാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.