13-Nov-2019 (Wed)
 
 
 
 
‍ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
   
vps
15-Jul-2019
 

പുതുപ്പാടി: റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനത്തിന് നിശ്ചയിച്ചതിലും നേരത്തെ എത്തിയ മന്ത്രി ജി സുധാകരന്‍ പരിപാടി തുടങ്ങാന്‍ ഇരുപത് മിനുറ്റോളം കാത്തിരുന്നു. പുതുപ്പാടി ഈങ്ങാപ്പുഴയിലാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി നേരത്തെ എത്തി സംഘാടകരെയും പോലീസിനെയും അമ്പരപ്പിച്ചത്. ഈങ്ങാപ്പുഴ അങ്ങാടിയില്‍ നിന്നും ആരംഭിച്ച് കണ്ണോത്ത് വഴി കോടഞ്ചേരിയിലേക്കുള്ള റോഡിന്റെ നവീകരണ പ്രവൃത്തി രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. രാവിലെ ആയതിനാല്‍ പത്തുമണിക്ക് ശേഷം മാത്രമേ പരിപാടി ആരംഭിക്കുകയുള്ളൂ എന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കണക്കു കൂട്ടി. എന്നാല്‍ എല്ലാ കണക്കുകയും തെറ്റിച്ച് 9.20 ന് തന്നെ മന്ത്രി ഈങ്ങാപ്പുഴയിലെത്തി. ഈ സമയം വേദിയില്‍ ആരും ഉണ്ടായിരുന്നില്ല. സദസ്സിലാവട്ടെ ഏതാനും പേര്‍ മാത്രം. മന്ത്രി എത്തിയ വിവരം അറിഞ്ഞാണ് ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഈങ്ങാപ്പുഴയിലേക്ക് കുതിച്ചത്. മന്ത്രിക്ക് അകമ്പടി പോവാനും പരിപാടി സ്ഥലത്തും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാരെയും മന്ത്രി വെള്ളം കുടിപ്പിച്ചു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി എത്തിയ ശേഷമാണ് സ്ഥലത്തെത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ പലര്‍ക്കും ഉദ്ഘാടനത്തിന് എത്താനും കഴിഞ്ഞില്ല. ഉദ്ഘാടന പ്രസംഗം ആരംഭിക്കും മുന്നെ സദസ്സ് നിറഞ്ഞത് സംഘാടകര്‍ക്ക് ആശ്വാസമായി. ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies