16-Nov-2019 (Sat)
 
 
 
 
‍ഓമശ്ശേരിയില്‍ ജ്വല്ലറി കവര്‍ച്ചക്ക് നേതൃത്വം നല്‍കിയത് ബംഗ്ലാദേശ് സ്വദേശി; അന്വേഷണം ഊര്‍ജ്ജിതം
   
vps
16-Jul-2019
 

ഓമശ്ശേരി: ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയത് ബംഗ്ലദേശ് സ്വദേശികളെന്നു പൊലീസ്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മൂന്നംഗ സംഘം ഓമശ്ശേരിയിലെ ശാദി ഗോള്‍ഡില്‍ ഇരച്ചു കയറിയത്. ഒരാളുടെ കയ്യില്‍ തോക്കും കത്തിയും രണ്ടുപേരുടെ കയ്യില്‍ കത്തികളും ഉണ്ടായിരുന്നു. തോക്കുമായെത്തി നഈം അലിഖാന്‍(30) കൗണ്ടറില്‍ ഉണ്ടായിരുന്നയാളുടെ നേരെ തോക്ക് ചൂണ്ടി സ്വര്‍ണം ആവശ്യപ്പെടുകയും രണ്ടുപേര്‍ മുന്നോട്ട് നീങ്ങി സ്വര്‍ണം കവരുകയുമായിരുന്നു. പതിനഞ്ച് വളകളാണ് ഇവര്‍ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ എടുത്തിട്ടത്. ഇതോടെ കടയിലെ ജീവനക്കാര്‍ ഇവര്‍ക്കു നേരെ ഓടി അടുക്കുകയും കീഴ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും തോക്കുമായെത്തിയ നഈമിനെ കീഴ്പെടുത്തി. മല്‍പിടുത്തത്തിനിടെ പരുക്കേറ്റ നഈം പോലീസ് നിരീക്ഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സെല്ലില്‍ ചികിത്സയിലാണ്. ചോദ്യം ചെയ്യലില്‍ നയിം അലിഖാന്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഓമശ്ശേരി പൂളപ്പൊയിലില്‍ താമസിച്ചു വരുകയാണെന്നും മൊഴി നല്‍കി.

 

രക്ഷപ്പെട്ട 2 പ്രതികളില്‍ ഒരാള്‍ തന്റെ സുഹൃത്ത് അര്‍ഷദ് അലി(30) ആണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൂന്നാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശനിയാഴ്ച രാത്രി മുതല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഫോണ്‍ ഓണ്‍ ആയി. സൈബര്‍ സെല്ലില്‍ നിന്നു വിവരം ലഭിച്ചതനുസരിച്ച് പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇരുവരും ട്രെയിന്‍ മാര്‍ഗം ജില്ല വിട്ടിരിക്കാമെന്ന നിഗമനത്തിലാണു പോലീസ്. ബംഗ്ലാദേശില്‍ നിന്ന് മുംബൈയിലെത്തിയ നഈമും സംഘവും അവിടെ വച്ചാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ വിലാസത്തിലുള്ളതാണ് നഈം അലിഖാന്റെ തിരിച്ചറിയല്‍ രേഖ. 6 മാസം മുന്‍പാണ് പ്രതികള്‍ ഓമശ്ശേരിക്കു സമീപം പൂളപ്പൊയിലില്‍ എത്തിയത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies