15-Sep-2019 (Sun)
 
 
 
 
‍പച്ചത്തുരുത്ത് കെ എം സി ടി പോളി ടെക്‌നിക്കിലും
   
vps
16-Jul-2019
 

മുക്കം: ഹരിതകേരളം മിഷന്റെയും കെ എം സി ടി പോളി ടെക്‌നിക്ക് കോളേജ് എന്‍ സി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സി ഉദയന്‍, ഹരിതകേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി പ്രകാശ് എന്നിവര്‍ ചേര്‍ന്ന് തൈ നടല്‍ കര്‍മ്മം നിര്‍വഹിച്ചു. പച്ചതുരുത്ത് നിര്‍മാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ സി ഉദയന്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ചടങ്ങില്‍ പി പ്രകാശ് പച്ചത്തുരുത്ത് പരിപാലനത്തെയും തുടര്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചു. എന്‍ സി സി ഓഫീസര്‍ ലഫ്റ്റണന്റ് സി എസ് അമല്‍ജിത്തിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കോളേജില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹരിതകേരളം മിഷനുമായി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍, ജലസംരക്ഷണം, തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വേപ്പ്, ലക്ഷ്മി തരു, ഗന്ധരാജന്‍, അയ്യപ്പാന, പനിക്കൂര്‍ക്ക, കറിവേപ്പില, അശോകം, ഇലഞ്ഞി, നരകം, മാവ്, പ്ലാവ്, ബുദ്ധബാംബു തുടങ്ങി 60 ഓളം വ്യത്യസ്ത ഇനം തൈകളാണ് നട്ടത്. പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ച ജില്ലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കെ എം സി ടി പോളി ടെക്‌നിക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 15 സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്. കോളേജിലെ 30 കേരള ബറ്റാലിയന്‍ എന്‍ സി സി കോഴിക്കോട് യൂണിറ്റിലെ 60 ഓളം വിദ്യാര്‍ത്ഥികളാണ് പച്ചത്തുരുത്ത് പദ്ധതി സാക്ഷാത്കരിക്കാന്‍ മുന്നോട്ടുവന്നത്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ പി ജിതേവ് പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. ഹരിതകേരളം മിഷന്‍ ആര്‍ പിമാരായ രാജേഷ് എ, ഉനൈസ് എം എ, സിനി പി എം, എന്‍ സി സി കേഡറ്റുകളയാ വിഷ്ണു കെ, ഉണ്ണിമായ, വിഷ്ണുപ്രഭ എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies