15-Sep-2019 (Sun)
 
 
 
 
‍ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരിക്ഷക്ക് ഫോട്ടോസ്റ്റാറ്റ് ചോദ്യപേപ്പര്‍; താമരശ്ശേരി ജി എച്ച് എസ് എസ് പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
   
vps
26-Jul-2019
 

താമരശ്ശേരി: ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരിക്ഷക്ക് പണമടച്ച് രജിസ്റ്റര്‍ ചെയ്ത വിദ്യാര്ത്ഥികള്‍ക്ക് ഫോട്ടോസ്റ്റാറ്റെടുത്ത ചോദ്യ പേപ്പര്‍ നല്‍കിയ സംഭവത്തേല്‍ താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. വ്യാഴാഴ്ച നടന്ന അക്കൗണ്ടന്‍സി പരീക്ഷക്കാണ് ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് നല്‍കിയത്. ഓപ്പണ്‍ വിഭാഗത്തിലെ 37 കുട്ടികളാണ് ഇവിടെ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ലഭിച്ച ചോദ്യ പേപ്പറുകളുടെ കൂട്ടത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ചോദ്യ പേപ്പര്‍ ഇല്ലെന്ന് മനസ്സിലാക്കിയത് ബുധനാഴ്ചയാണ്. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സമീപത്തെ മറ്റു കേന്ദ്രങ്ങളില്‍ അധികമുള്ള ചോദ്യ പേപ്പര്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്രെ. ഇതുപ്രാകം 30 ചോദ്യ പേപ്പര്‍ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള ഏഴെണ്ണം ഫോട്ടോസ്റ്റാറ്റ് എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയായിരുന്നു. ഇത് കാരണം ഇരുപത് മിനിറ്റോളം വൈകിയാണ് പരീക്ഷ ആരംഭിച്ചത്.

 

ഓപ്പണ്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ വിവരങ്ങള്‍ കൃത്യസമയത്ത് പരീക്ഷാ വിഭാഗത്തിലേക്ക് നല്‍കുകയോ ചോദ്യപേപ്പര്‍ നേരത്തെ പരിശോധിച്ച് ഉറപ്പു വരുത്തുകയോ ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നാരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. വിവരം അറിഞ്ഞ് ഹയര്‍ സെക്കന്ററി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഗോഗുല്‍ കൃഷ്ണ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. ഓപ്പണ്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നതിലും ചോദ്യ പേപ്പര്‍ എത്തിയിട്ടുണ്ടോ എന്ന് നേരത്തെ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിലും പ്രിന്‍സിപ്പാളിന് വീഴ്ച പറ്റിയതായും വകുപ്പുതല അന്വേണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എസ് എഫ് ഐ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ കെ പ്രീതയെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റുകയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies