15-Sep-2019 (Sun)
 
 
 
 
‍ന്യായാധിപരില്ലാതെ താമരശ്ശേരി കോടതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
   
vps
26-Jul-2019
 

താമരശ്ശേരി: ന്യായാധിപരില്ലാത്തതിനാല്‍ താമരശ്ശേരി കോടതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. രണ്ട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഗ്രാമ ന്യായാലയത്തിലുമായി ഒരു മജിസ്‌ട്രേറ്റ് മാത്രമാണ് ഇവിടെയുള്ളത്. നിലവിലുള്ള മജിസ്‌ട്രേറ്റ് താല്‍ക്കാലിക അവധിയില്‍ പ്രവേശിച്ചതോടെ കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മലയോര മേഖലയിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള കേസുകള്‍ പരിഗണിക്കുന്ന താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയും കൊടുവള്ളി ബ്ലോക്കിലെ 9 പഞ്ചായത്തുകള്‍ക്കായുള്ള ഗ്രാമന്യായാലയത്തിന്റെയും പ്രവര്‍ത്തനം അവതാളത്തിലായത് പൊതുജനങ്ങളെയും പോലീസിനെയും ഒരു പോലെ പ്രയാസത്തിലാക്കുന്നുണ്ട്. മൂന്ന് മജിസ്‌ട്രേറ്റ്മാര്‍ക്ക് പകരം രണ്ടുപേരാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ മജിസ്‌ട്രേറ്റുമാര്‍ക്കുണ്ടായ സ്ഥലം മാറ്റത്തില്‍ രണ്ടുപേരും സ്ഥലം മാറി പോയപ്പോള്‍ ഒരാള്‍ മാത്രമാണ് പുതുതായി എത്തിയത്. ഗ്രാമ ന്യായാലയം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഇവിടേക്ക് നിയമിച്ച മജിസ്‌ട്രേറ്റിനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ ചുമതല നല്‍കിയത്. ആഴ്ചയില്‍ രണ്ട് തവണമാത്രം ഗ്രാമ ന്യായാലയത്തിലും നാല് ദിവസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമായിരുന്നു സിറ്റിംഗ് നടത്തിയിരുന്നത്. മൂന്ന് കോടതിക്കും കൂടി ഒരു മജിസ്‌ട്രേറ്റ് ആയതോടെ കോടിതിയുടെ പ്രവര്‍ത്തനം പേരിന് മാത്രമായി. എല്ലാ കേസുകളും ഒരു മജിസ്‌ട്രേറ്റ് തന്നെ പരിഗണിക്കേണ്ടതിനാല്‍ നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. നിലവിലെ മജിസ്‌ട്രേറ്റ് അവധിയില്‍ പ്രവേശിച്ച വിവരം അറിയാതെ ജയിലില്‍ നിന്നും റിമാണ്ട് പ്രതികളെയുമായി എത്തിയ പോലീസുകാര്‍ ഉള്‍പ്പെടെ വട്ടം കറങ്ങുകയാണ്. മജിസ്‌ട്രേറ്റുമാരെ നിയമിച്ച് കോടതികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി ഉണ്ടാവണമെന്നാണ് അഭിഭാഷകരും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies