13-Dec-2019 (Fri)
 
 
 
 
‍മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശകൊടിയിറക്കം
   
vps
29-Jul-2019
 

കോടഞ്ചേരി: ഓളപ്പരപ്പുകളില്‍ വിസ്മയം തീര്‍ത്ത് ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ ഇവാന്‍ കോസ്ലേചോവ് റാപിഡ് രാജയായും ഇന്ത്യയുടെ ശിഖ ചൗഹാന്‍ റാപിഡ് റാണിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിലും തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിലുമായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയില്‍ ഒന്നാംസ്ഥാനവും പ്രൊഫഷണല്‍ സ്ലാലോമില്‍ മൂന്നാംസ്ഥാനവും നേടിയാണ് ഇവാന്‍ ചാമ്പ്യനായത്. മധ്യപ്രദേശില്‍നിന്നുള്ള ശിഖ ചൗഹാന്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ടീമില്‍ മത്സരിച്ചാണ് റാപ്പിഡ് റാണിയായത്. മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ആദ്യമായാണ് ഇന്ത്യക്ക് റാപിഡ് റാണി പട്ടം ലഭിക്കുന്നത്. ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശീയരായ കയാക് താരങ്ങള്‍ക്ക് പരിശീലനത്തിനായി പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് 4 കയാക്കുകള്‍ വാങ്ങി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. പുല്ലൂരാംപാറ സ്വദേശിയായ കയാക് താരം നിധിന്‍ദാസിന് കയാക് വാങ്ങുന്നതിന് പ്രദീപ് മൂര്‍ത്തി സംഭാവന ചെയ്ത കയാകിന്റെ പകുതി തുക ചടങ്ങില്‍ സമ്മാനിച്ചു.

 

ഫെസ്റ്റിവലിന്റെ വിജയത്തിനായി സഹകരിച്ച കേരള കയാക്കിങ് ആന്റ് കനോയിങ് സെക്രട്ടറി എസ് ബീന, ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപനം, ഗ്രീന്‍ കെയര്‍ മിഷന്‍ കോഴിക്കോട്, കെ എല്‍ 10 പാഡലേഴ്സ് മലപ്പുറം, കര്‍മ ഓമശ്ശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യാതിഥിയായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചന്‍, ഷിജി വാവലുകുന്നേല്‍, വില്‍സന്‍ ടി മാത്യു, കെ പി ചാക്കോച്ചന്‍, കയാക്കിങ് ആന്റ് കനോയിങ് ദേശീയ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുശ്വ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സി ഇ ഒ മനേഷ് ഭാസ്‌കര്‍, കേരള കയാക്കിങ് ആന്റ് കനോയിങ് സെക്രട്ടറി എസ് ബീന, പ്രദീപ് മൂര്‍ത്തി, മണിക് തനേജ, ജാക്കപ്പോ നെരൂദ, പോള്‍സണ്‍ അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ സ്വാഗതവും ഡി ടി പി സി സെക്രട്ടറി സി പി ബീന നന്ദിയും പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 120 താരങ്ങളാണ് മാറ്റുരച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies