15-Sep-2019 (Sun)
 
 
 
 
‍ഒപ്പം അദാലത്ത്: കാക്കൂരില്‍ 142 പരാതികള്‍ പരിഗണിച്ചു
   
vps
05-Aug-2019
 

കാക്കൂര്‍: കാക്കൂരില്‍ നടന്ന ജില്ലാ കളക്ടറുടെ ഒപ്പം പരാതിപരിഹാര അദാലത്തില്‍ 142 പരാതികള്‍ പരിഗണിച്ചു. ഒപ്പം അദാലത്തിന്റെ ഭാഗമായി കലക്ടറും പഞ്ചായത്തു പ്രസിഡന്റും അടങ്ങുന്ന സംഘം കാക്കൂരിലെ മുരയോത്തുമ്മല്‍ കോളനി സന്ദര്‍ശിച്ചു. റോഡിന്റെയും തെരുവു വിളക്കുകളുടെയും അഭാവം കോളനിയുടെ വികസനത്തിന് തടസ്സമായതിനാല്‍ ഇവ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 1.8 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ലഭിക്കാനുള്ള സാധ്യത പരിശോധിക്കും. കോളനിയിലെ ലഭ്യമായ സ്ഥലത്ത് തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി കൃഷിയെ അടി്സ്ഥാനമാക്കിയുള്ള പദ്ധതികള്‍ ആരംഭിക്കാനുള്ള സാധ്യതയും പരിശോധിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടവും വില്ലേജ് ഓഫീസുമടങ്ങുന്ന കോംപ്ലക്സ് നിര്‍മിക്കുന്നതിനായി സ്ഥലം കണ്ടെത്തി. കാക്കൂരില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. പെയിന്‍ ആന്റ് പാലിയേറ്റിവ് സെന്ററിനുള്ളില്‍ താത്കാലികമായി ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഐ എച്ച് ഡി പി കോളനി നിവാസികള്‍ക്ക് ഭൂമി സംബന്ധമായ രേഖകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ജില്ലാ കളക്ടര്‍ പരിഗണിച്ചു. രേഖകള്‍ പരിശോധിച്ച് നിയമാനുസൃതമായ നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിനുള്ള അനുമതി ഒപ്പം അദാലത്തില്‍ 50 പേര്‍ക്ക് നല്‍കി. 58 പരാതി വന്നതില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതിക്ക് പരിഗണിക്കാന്‍ കഴിയുന്ന 54 എണ്ണമാണ് അദാലത്തില്‍ പരിഗണിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ബാക്കിയുള്ള അപേക്ഷകള്‍ അടുത്ത ഹിയറിങില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. മറ്റു പരാതികളിള്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അസി. സെക്രട്ടറിയോടും വില്ലേജ് ഓഫീസറോടും നിര്‍ദ്ദേശിച്ചു. പൊതുവിതരണം, ലൈഫ് പദ്ധതി, റോഡ് തകര്‍ച്ച, കുളം വൃത്തിയാക്കല്‍ തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവു, കാക്കുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ഡെപ്യുട്ടി കലക്ടര്‍ ബിജു സി, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ ജില്ല കണ്‍വീനര്‍ പി സിക്കന്തര്‍, മെമ്പര്‍ ഡോ. പി ഡി ബെന്നി, അഡി. ഡി എം ഒ. ഡോ. രവികുമാര്‍, വൈസ് പ്രസി. നരേന്ദ്രനാഥ്, പഞ്ചായത്ത് സെക്രട്ടറി ഇന്ദു എ, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies