19-Nov-2019 (Tue)
 
 
 
 
‍കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുമ്പോഴും ഭീതി ഒഴിയായെ പ്രദേശവാസികള്‍
   
vps
08-Aug-2019
 

പുതുപ്പാടി: കണ്ണപ്പന്‍കുണ്ടില്‍ ദുരിതം വിതച്ച ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുമ്പോഴും പ്രദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. മഴ കനത്തതോടെ വനപ്രദേശത്തുനിന്നും കുത്തിയൊലിച്ചെത്തുന്ന മലവെള്ളം വീണ്ടും ഗതിമാറി ഒഴുകുമെന്ന ആശങ്കയിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നത്. 2018 ആഗസ്റ്റ് എട്ടിന് രാത്രിയിലാണ് പുതുപ്പാടിയെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. മട്ടിക്കുന്നിന് മുകളിലെ എടുത്തുവെച്ചകല്ല് വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണപ്പന്‍കുണ്ട് അങ്ങാടി ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. കുത്തി ഒലിച്ചെത്തിയ മലവെള്ളവും പാറക്കല്ലുകളും പത്തോളം വീടുകള്‍ പൂര്‍ണമായും ഇരുപതോളം വീടുകള്‍ ഭാഗികമായും തകര്‍ത്തു. ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നൂറോളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

 

സര്‍ക്കാര്‍ സംവിധാനങ്ങളും ബഹുജനങ്ങളും കൈകോര്‍ത്തപ്പോള്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം വേഗത്തിലായി. ഏതാനും പേര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെങ്കിലും ദുരന്തത്തിനിരയായ മിക്കവാറും കുടുംബങ്ങള്‍ പഴയ വീടുകളില്‍ തന്നെയാണ് താമസിക്കുന്നത്. പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടാനോ കണ്ണപ്പന്‍കുണ്ടിലെയും മട്ടിക്കുന്നിലെയും പാലം പുനര്‍നിര്‍മിക്കാനോ യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. ഏതാനും ദിവസമായി കനത്ത മഴ തുടരുന്നതിനാല്‍ മട്ടിക്കുന്ന് മലയില്‍നിന്നുള്ള മലവെള്ളപ്പാച്ചിലിന്റെ ശക്തിയും വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും വെള്ളം കണ്ണപ്പന്‍കുണ്ട് പാലത്തിനോളം ഉയരത്തിലെത്തുന്നത് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്. പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കിടപ്പാടം ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പോടെയാണ് കഴിച്ചുകൂട്ടുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies