19-Nov-2019 (Tue)
 
 
 
 
‍പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്ന നരിക്കുനി ഫയര്‍ ഫോഴ്‌സിന് സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ പുതിയ ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട്
   
vps
04-Sep-2019
 

നരിക്കുനി: പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്ന നരിക്കുനി ഫയര്‍ ഫോഴ്‌സിന് സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് ലഭിച്ചു. സ്വന്തം കെട്ടിടവും ആവശ്യത്തിന് ജീവനക്കാരുമില്ലെങ്കിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന നരിക്കുനി ഫയര്‍ ഫോഴ്‌സിന് ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് അനുവദിച്ചത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും. ജീവനക്കാരുടെ ശാരീരികമായ സുരക്ഷയ്ക്കായി വിദേശ രാജ്യങ്ങളില്‍ ഫയര്‍ ഫോഴ്‌സ് ഉപയോഗിക്കുന്ന രീതിയിലുള്ള മൂന്ന് ആവരണമുള്ള ഫയര്‍ സ്യൂട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഒരു സെറ്റിന് മുപ്പതിനായിരം രൂപയാണ് വില. ഇത് എളുപ്പത്തില്‍ ധരിക്കാനും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാനുമാവും. വലിയ തീപ്പിടുത്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ അടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനാവും. റേഡിയേഷന്‍, ആസിഡ് എന്നിവയെ പ്രതിരോധിക്കാനാവുമെന്നതിനാല്‍ ഭീതിയില്ലാതെ രക്ഷാ പ്രവര്‍ത്തനം നടത്താനാവും.

 

ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ടി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഉദ്യോഗസ്ഥര്‍. 2010 ല്‍ ആരംഭിച്ച ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ജീപ്പും രണ്ട് ടാങ്കറുകളും. ഇതില്‍ ഒന്ന് പവര്‍ സ്റ്റിയറിംഗ് അല്ലാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്താന്‍ ഏറെ പ്രയാസമാണ്. ഇരുപത് ജീവനക്കാര്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്. 10 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് നരിക്കുനി ഫയര്‍ സ്റ്റേഷന്റെ പരിധിയിലുള്ളത്. കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies