16-Nov-2019 (Sat)
 
 
 
 
‍തിരുവമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ ജനകീയ പ്രതിഷേധം
   
vps
05-Sep-2019
 

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബീവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി ടൗണിനോട് ചേര്‍ന്ന് തണ്ണൂര്‍തടം നികത്തി കെട്ടിടം നിര്‍മിക്കുകയും തോട് മണ്ണിട്ട് നികത്തി റോഡ് നിര്‍മിക്കുകയും ചെയ്ത പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പ്രാദേശിക ചാനല്‍ ക്യാമറമാന്‍മാരായ റഫീക്ക് തോട്ടുമുക്കം, രാജേഷ് കാരമൂല എന്നിവരെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്‌ലെറ്റിലെ ജീവനക്കാര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതിഷേധം. മുക്കം, തിരുവമ്പാടി പ്രസ്‌ക്ലബ്ബുകള്‍ സംയുക്തമായി തിരുവമ്പാടിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മക്ക് പിന്തുണയുമായി പൊതു പ്രവര്‍ത്തകരും എത്തിയതോടെ ജനകീയ പ്രതിഷേധമായി മാറി.

 

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കും അധികൃതരിലേക്കും എത്തിക്കുന്നത് തടയാന്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു. ഗുണ്ടായിസത്തിലൂടെ മാധ്യമ പ്രവര്‍ത്തകരെ നിശ്ചലരാക്കാനാവില്ലെന്നും പൊതു സമൂഹത്തിന് നീതി നിഷേധിക്കപ്പെടുമ്പോള്‍ നീതി ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തകരാണെന്ന് പൊതു സമൂഹം ഓര്‍ക്കണമെന്നും കൂട്ടായ്മ മുന്നറിയിപ്പു നല്‍കി. തിരുവമ്പാടി പ്രസ് ക്ലബ് പ്രസിഡന്റ് തോമസ് വലിയപറമ്പന്‍ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, മാധ്യമ പ്രവര്‍ത്തകരായ എ പി മുരളിധരന്‍, ഫസല്‍ ബാബു, പൊതു പ്രവര്‍ത്തകരായ കെ എ അബ്ദുറഹ്മാന്‍, എ എസ് ജോസ്, ശില്‍പ്പ സുന്ദര്‍, ഷംസുദ്ദീന്‍ ആനയാംകുന്ന്, അഷ്‌റഫ് കൂളിപ്പൊയില്‍, എ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies