16-Nov-2019 (Sat)
 
 
 
 
‍മാലിന്യത്തില്‍നിന്ന് വൈദ്യുതി; പ്ലാന്റ് നിര്‍മാണം രണ്ടുമാസത്തിനകം ആരംഭിക്കും
   
vps
05-Sep-2019
 

കോഴിക്കോട്: ഞെളിയന്‍പറമ്പില്‍ മാലിന്യത്തില്‍നിന്ന് 5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം രണ്ടുമാസത്തിനകം തുടങ്ങും. 250 കോടിയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ നഗരസഭ പ്രതിനിധികളും കമ്പനി പ്രതിനിധികളും ഒപ്പിട്ടു. മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ കെ എസ് ഐ ഡി സിയുടെ എം ഡി സഞ്ജ് കൗള്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് എന്നിവരാണ് കരാര്‍ ഒപ്പിടാനെത്തിയത്. പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാവുന്നതോടെ കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര, കൊയിലാണ്ടി എന്നീ നഗരസഭകളുടെയും 6 പ്രധാന പ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിലെ സോണ്ട കമ്പനിയുടെ അധീനതയിലുള്ള മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. ഒരു വര്‍ഷംകൊണ്ട് ആദ്യഘട്ടവും രണ്ടു വര്‍ഷം കൊണ്ട് രണ്ടാംഘട്ടവും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.രണ്ടു തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങളില്‍നിന്നുള്ള വാതകമുപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് ആദ്യരീതി. മാലിന്യം കത്തിച്ചുണ്ടാവുന്ന നീരാവി ഉപയോഗിച്ച് സ്റ്റീം ടര്‍ബൈന്‍ കറക്കുന്നതാണ് മറ്റൊരു രീതി. 300 ടണ്‍ മാലിന്യമാണ് പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളത്. കോഴിക്കോട് നഗരസഭയില്‍നിന്ന് 200 ടണ്‍ മാലിന്യം ലഭ്യമാക്കും. ഫറോക്ക്, രാമനാട്ടുകര, കൊയിലാണ്ടി നഗരസഭകളിലെ മാലിന്യവും പ്ലാന്റിലേക്ക് എത്തിക്കും. ഇതിനുപുറമെ കുന്ദമംഗലം, ഒളവണ്ണ, കടലുണ്ടി മേഖലകളില്‍നിന്നുള്ള മാലിന്യവും എത്തിക്കും. വേണ്ടത്ര മാലിന്യം ലഭിക്കുന്നില്ലെങ്കില്‍ മറ്റ് ജില്ലകളില്‍നിന്നും മാലിന്യം ഏറ്റെടുക്കും. പ്രധാന കേന്ദ്രങ്ങളില്‍ ശേഖരിച്ചുവയ്ക്കുന്ന മാലിന്യം കമ്പനി സ്വന്തം ചെലവില്‍ പ്ലാന്റിലേക്ക് എത്തിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യാനുസരണം കെ എസ് ഇ ബിക്ക് വിറ്റ് കോര്‍പറേഷന് വരുമാനവും ഉണ്ടാക്കാം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies