12-Nov-2019 (Tue)
 
 
 
 
‍സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി നന്മ യു എസ് എയും ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് വെള്ളിപറമ്പയും
   
vps
23-Sep-2019
 

അടിവാരം: പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ നന്മ നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷനും ഹെല്‍പിങ് ഹാന്‍ഡ്‌സ് വെള്ളിപറമ്പയും സംയുക്തമായി സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ചു. അടിവാരം മരുതിലാവ് ഭാഗത്തെ അര്‍ഹരായവര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് രൂപത്തില്‍ തികച്ചും സൗജന്യമായി സാധനങ്ങള്‍ വിതരണം ചെയ്തത്. പുതുപ്പാടി പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ മുത്തു അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അര്‍ഹതയുള്ളവരിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതായി മുത്തു അബ്ദുസ്സലാം പറഞ്ഞു. കഴിഞ്ഞ മാസം കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഏര്‍പ്പെടുത്തിയ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് താമരശ്ശേരി ചുരത്തിനു സമീപം മരുതിലാവ് ഭാഗത്ത് സഹായം എത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

 

അര്‍ഹരായവരെ നേരിട്ട് വീടുകളില്‍ പോയി കണ്ടെത്തി ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഭാരവാഹികള്‍ നേരത്തെ തന്നെ കൂപ്പണുകള്‍ കൈമാറിയിരുന്നു. ചുരം റോഡില്‍ ഇരുപത്തി ഒന്‍പതാം മൈലില്‍ ജുമാ മസ്ജിദിനു സമീപം ക്രമീകരിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതിമതരാഷ്രീയ ഭേദമന്യേ ജനങ്ങളിലേക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായി ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. അടിവാരം ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ലത്തീഫ് പാലക്കുന്നുമ്മല്‍, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, പൊതു പ്രവര്‍ത്തകരായ താജു അടിവാരം, നവാസ് കണലാട്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ ജസ്റ്റിന്‍, ബഷീര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹെല്പിങ് ഹാന്‍ഡ്‌സ് വെള്ളിപറമ്പ പ്രതിനിധികളായ സുബൈര്‍ കുണ്ടാത്തൂര്‍, നൗഷാദ് കൊഴങ്ങോറന്‍, മഹ്‌സൂമലി, ഗഫൂര്‍ കുന്നുംപുറം, ഹാഷിം വാവ, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies