19-Nov-2019 (Tue)
 
 
 
 
‍വയനാട്ടില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ഓട്ടോറിക്ഷ അടിവാരത്ത് അപകടത്തില്‍പെട്ട നിലയില്‍
   
vps
24-Sep-2019
 

അടിവാരം: വയനാട്ടില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ഓട്ടോറിക്ഷ അടിവാരത്ത് അപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തി. മേപ്പാടി താഴേ അരിപ്പറ്റ സ്വദേശി വിനോയിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 12 എച്ച് 8846 നമ്പര്‍ ഓട്ടോറിക്ഷയാണ് പ്രളയത്തില്‍ തകര്‍ന്ന പോത്തുണ്ടി പാലത്തില്‍ നിന്നും താഴേക്ക് വീണ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് വിനോയിയുടെ വീടിന് സമീപം നിര്‍ത്തിട്ടിരുന്ന ഓട്ടോറിക്ഷ കാണാതായത്. വിനോയിയുടെ പരാതിയെ തുടര്‍ന്ന് മേപ്പാടി പോലീസ് വിവരം മറ്റു പോലീസ് സ്‌റ്റേഷനുകളിലേക്ക് അറിയിച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ പോത്തുണ്ടി പാലത്തില്‍ ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടതായി കണ്ടെത്തിയത്. അടിവാരം ഔട് പോസ്റ്റില്‍ നിന്നും പോലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷ ഉയര്‍ത്തി കരക്കെത്തിത്ത് പരിശോധിച്ചപ്പോഴാണ് വയനാട്ടില്‍ നിന്നും കാണാതായ ഓട്ടോറിക്ഷയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിനോയിയും കുടുംബവും അടിവാരത്തെത്തി ഓട്ടോറിക്ഷയുടെ തകരാറ് പരിഹരിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയി. പോത്തുണ്ടി പാലം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ റോഡിന്റെ ഇരുഭാഗത്തും ടാര്‍ വീപ്പകള്‍ സ്ഥാപിച്ച് റിബണ്‍ കെട്ടി ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ ടാര്‍വീപ്പയും റിബണും ഓട്ടോറിക്ഷക്കൊപ്പം പാലത്തില്‍ നിന്നും താഴേക്ക് തള്ളിയ നിലയിലാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷ പാലത്തില്‍ എത്തിച്ച ശേഷം തള്ളിവിട്ടതാവാമെന്നാണ് സംശയം. അപകടമാണെന്ന് വരുത്താന്‍ ടാര്‍ വീപ്പയും റിബണും ഓട്ടോക്കൊപ്പം തള്ളിവിട്ടിരിക്കാമെന്നുമാണ് സംശയം. മോഷണം നടന്നത് മേപ്പാടിയിലായതിനാല്‍ താമരശ്ശേരി പോലീസ് കേസെടുത്തിട്ടില്ല.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies