19-Nov-2019 (Tue)
 
 
 
 
‍ബജാജ് ഫിനാന്‍സിന്റെ ഗൃഹോപകരണ വായ്പയുടെ പേരില്‍ തട്ടിപ്പിനിരയായവരുടെ ബാധ്യത തീര്‍ത്ത് കടയുടമ
   
vps
30-Sep-2019
 

കൊടുവള്ളി: ബജാജ് ഫിനാന്‍സിന്റെ ഗൃഹോപകരണ വായ്പയുടെ പേരില്‍ തട്ടിപ്പിനിരയായവരുടെ ബാധ്യത തീര്‍ത്ത് കടയുടമ. തട്ടിപ്പിനെതിരെ പോലീസില്‍ പരാതി നല്‍കിയ താമരശ്ശേരി സ്വദേശിനി സജിനി ഉള്‍പ്പെടെയുള്ള നാലു പേരുടെ ബാധ്യതയാണ് കൊടുവള്ളിയിലെ വൈറ്റ്മാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ ഉടമായായ അബ്ദുസ്സലാം അടച്ചു തീര്‍ത്തത്. ആധാര്‍ കാര്‍ഡും ബേങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ ബജാജ് ഫിനാന്‍സില്‍ നിന്നും മുപ്പതിനായിരം രൂപ വായ്പ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിരവധി സ്ത്രീകളെ കബളിപ്പിച്ചത്. കൊടുവള്ളി കളരാന്തിരി സ്വദേശിയായ മുനീര്‍ എന്നയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും കാണിച്ച് തട്ടിപ്പിനിരയായ താമരശ്ശേരി സ്വദേശി സജിനി കഴിഞ്ഞ ദിവസം താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ എന്ന രീതിയിയില്‍ വായ്പ അനുവദിക്കുമെന്ന് വിശ്വസിപ്പിച്ച് കൊടുവള്ളിയിലെ വൈറ്റ് മാര്‍ട്ട് എന്ന ഗൃഹോപകരണ ഷോറൂമില്‍ എത്താന്‍ അറിയിച്ചുവെന്നും ഇവിടെ എത്തിയപ്പോള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിക്കൊപ്പം ഏതാനും പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും സജിനിയുടെ പരാതിയില്‍ പറയുന്നു.

 

ഇവിടെ നിന്നും സജിനിയുടെ ഫോട്ടോ എടുക്കുകയും മൊബൈല്‍ ഫോണിലേക്ക് വന്ന ഒ ടി പി നമ്പര്‍ വാങ്ങിയെടുക്കുകയും ചെയ്തശേഷം പണം വീട്ടിലെത്തിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ പല ഘടുക്കളായി പതിനൊന്നായിരം രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. 2950 രൂപ വീതം എട്ട് ഘടുക്കള്‍ അടക്കണമെന്നാണ് ഇവരെ അറിയിച്ചത്. തിരിച്ചടവ് മുടങ്ങിയതായി അറിയിച്ച് ബജാജ് ഫിനാന്‍സില്‍ നിന്നും വിളിച്ചപ്പോഴാണ് 29500 രൂപയുടെ എയര്‍ കണ്ടീഷണറാണ് തന്റെ പേരില്‍ വാങ്ങിയതെന്ന് മനസ്സിലാക്കിയതെന്നും സജിനിയുടെ പരാതിയില്‍ പറയുന്നു. തട്ടിപ്പ് വാര്‍ത്തയായതോടെയാണ് പരാതി നല്‍കിയ സജിനി ഉള്‍പ്പെടെ നാല് പേരുടെ ബാധ്യതയായ എഴുപതിനായിരത്തോളം രൂപ കടയുടമ അടച്ചു തീര്‍ത്തത്. തന്റെ സ്ഥാപനത്തിന് വായ്പ അനുവദിക്കുന്നത് ധനകാര്യ സ്ഥാപനം നിര്‍ത്തിയതിനാല്‍ സ്ഥാപനം പ്രതിസന്ധിയിലായെന്നും ബാധ്യത അടച്ചു തീര്‍ക്കണമെന്ന് ബജാജ് ഫിനാന്‍സ് ആവശ്യപ്പെട്ടുവെന്നും സ്ഥാപന ഉടമയായ അബ്ദുസ്സലാം പറഞ്ഞു. പതിനെട്ടോളം ആളുകള്‍ക്കാണ് ഇത്തരത്തില്‍ വായ്പ ലഭ്യമാക്കിയതെന്നും ഇതില്‍ ഏതാനും പേര്‍ കൃത്യമായി തിരിച്ചടക്കുന്നുണ്ടെന്നും കടയുടമ പറഞ്ഞു. പലരുടെയും തിരിച്ചടവ് മുടങ്ങിയപ്പോള്‍ മുനീര്‍ പരിചയപ്പെടുത്തിയ ഏതാനും ആളുകളുടെ പേരില്‍ ഗൃഹോപകരണം വാങ്ങാതെ വായ്പ തരപ്പെടുത്തി പണം നല്‍കിയതായും അബ്ദുസ്സലാം പറയുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies