19-Nov-2019 (Tue)
 
 
 
 
‍സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലേക്കും വയോമിത്രം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍
   
vps
01-Oct-2019
 

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലേക്കും 2021 ഓടെ വയോമിത്രം പദ്ധതി വ്യാപിപ്പിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വൃദ്ധസദനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ലോക വയോജന ദിനത്തോടനുബന്ധിച്ച് നടന്ന വയോജന ദിനാഘോഷവും വയോജനോത്സവവും ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന 70 പകല്‍ വീടുകള്‍ ആദ്യഘട്ടത്തില്‍ സായംപ്രഭ ഹോമുകളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. അവഗണിക്കപ്പെട്ട് അനാഥരായും വിശന്നും കഴിയുവന്നവര്‍ ഇനി കേരളത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തലാണ് ഇത്തരം ദിനാചരണങ്ങളുടെ ലക്ഷ്യം. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ട് മാത്രമേ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും 55 ലക്ഷത്തോളം വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയോമിത്രം വഴി വയോജനങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ ആദരവും സ്ഥാനവും വളര്‍ത്തിയെടുക്കാന്‍ വയോമിത്രം വഴി സാധിച്ചു. സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം.

 

കേരള സാമൂഹ്യമിഷന്‍ വയോമിത്രം, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വസന്തം 2019 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ മുതിര്‍ന്ന പൗരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ കലാപരിപാടികളും വേദിയിലെത്തി. ഒപ്പന, തിരുവാതിര, സംഘനൃത്തം, കിച്ചണ്‍ ഓര്‍കസ്ട്ര, ആദിവാസി നൃത്തം, സ്‌കിറ്റ് എന്നീ കലാപരിപാടികളാണ് വയോജനങ്ങള്‍ വേദിയിലെത്തിച്ചത്. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ പി സി രാജന്‍, അനിത രാജന്‍, കെ വി ബാബുരാജ്, ടി വി ലളിത പ്രഭ, എം സി അനില്‍കുമാര്‍, ആശ ശശാങ്കന്‍, എം രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ജയശ്രീ കീര്‍ത്തി, എന്‍ പി പത്മനാഭന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വയോമിത്രം കോര്‍ഡിനേറ്റര്‍ കെ സന്ധ്യ, വയോജന അപ്പക്‌സ് കമ്മിറ്റി പ്രസിഡന്റ് ടി ദേവി, സാമൂഹ്യ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിഷ മേരി ജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies