16-Nov-2019 (Sat)
 
 
 
 
‍കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; യുവതി കസ്റ്റഡിയില്‍
   
vps
08-Oct-2019
 

താമരശ്ശേരി: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതി കസ്റ്റഡിയില്‍. മരിച്ച റോയി തോമസിന്റെ ഭാര്യ ജോളിയെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്(66), ഭാര്യ അന്നമ്മ ടീച്ചര്‍(57), മകന്‍ റോയി തോമസ്(40), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍(68), ടോം തോമസിന്റെ സഹാദരന്‍ സകറിയ്യയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ 9 മാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 17 വര്‍ഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. 2002 ആഗസ്റ്റ് 22 ന് അന്നമ്മയും 2008 ടോം തോമസും 2011 ല്‍ ടോം തോമസിന്റെ മകന്‍ റോയി തോമസും മരിച്ചു. 2014 ല്‍ അന്നമ്മയുടെ സഹാദരന്‍ മാത്യൂവും 2016 ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മകള്‍ ആല്‍ഫൈനും മരിച്ചു. റോയിയെ കക്കൂസിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ അകത്ത് നിന്ന് പൂട്ടിപ്പോയി എന്നറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും നാട്ടുകാരനായ ആശാരിയും സ്ഥലത്തെത്തിയിരുന്നു. ഈ സമയത്ത് തന്നെ ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നി. റോയിയുടെ സഹോദരന്‍ റോജോ തോമസിന്റെ പരാതി പ്രകാരം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് റോയിയുടെ ഭാര്യ ജോളിയെ പിന്നീട് വിവാഹം കഴിച്ച ഷാജുവിന്റെ മകളും തുടര്‍ന്ന് ഭാര്യയും മരിക്കുന്നത്. കേസന്വേഷിച്ച ജില്ലാ ക്രൈം ബ്രാഞ്ച് നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ച ശേഷം വെള്ളിയാഴ്ച ശവക്കല്ലറ പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചതെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം ഫോറന്‍സിക് പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചത്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ ക്രൈം ബ്രാഞ്ച് സംഘം ജോളിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies