19-Nov-2019 (Tue)
 
 
 
 
‍കൂടത്തായി കൂട്ടക്കൊല: ജോളിയുടെ ഭര്‍ത്താവ് റോയിയുടെ സുഹൃത്തായ അയല്‍വാസിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാര്‍
   
vps
09-Oct-2019
 

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയിലെ പ്രതി ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അടുത്ത സുഹൃത്തായ അയല്‍വാസിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. പൊന്നാമറ്റം തറവാടുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇലക്ട്രിക്കല്‍ ജോലിക്കാരനായ അമ്പലക്കുന്നുമ്മല്‍ ബിച്ചുണ്ണി(58)യുടെ മരണത്തിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. 2018 ആഗസ്റ്റ് 15 നാണ് തനിച്ച് താമസിക്കുകയായിരുന്ന ബിച്ചുണ്ണിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് പതിനൊന്ന് മണിയോടെ ബന്ധുക്കളായ കുട്ടികള്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സയലന്റ് അറ്റാക്കെന്നാണ് ഡോക്ടര്‍മാര്‍ സൂചന നല്‍കിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ വിവരം താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും പരാതിയില്ലെന്ന് ബന്ധുക്കള്‍ എഴുതി നല്‍കിയതിനാല്‍ മൃതദേഹം വിട്ടുകൊടുക്കുകയുമായിരുന്നു. റോയിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിച്ചുണ്ണി റോയിയുടെ മരണത്തിന് ശേഷം പൊന്നാമറ്റം വീടുമായി അകലം പാലിച്ചിരുന്നുവെന്നും പിന്നീട് വീണ്ടും അടുക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. റോയിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ബിച്ചുണ്ണി ഇടപെട്ടിരുന്നുവെന്ന് അയല്‍ വാസികള്‍ പറഞ്ഞു. ഇതാണ് മരണത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്. ബിച്ചുണ്ണിക്ക് അറിയാവുന്ന വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയതാവാമെന്നാണ് ആരോപണം. മരിച്ച രാത്രിയില്‍ ബിച്ചുണ്ണി പൊന്നാമറ്റം വീട്ടില്‍ പോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. മരണത്തില്‍ സംശയം തോന്നിയിരുന്നില്ലെന്നും ഇപ്പോഴാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും ബിച്ചുണ്ണിയുടെ സഹോദരങ്ങള്‍ പറഞ്ഞു. കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ സമാന രീതിയില്‍ മരിച്ച ബിച്ചുണ്ണിയുടെ മരണം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies