12-Nov-2019 (Tue)
 
 
 
 
‍വിഷന്‍ 2020: താമരശ്ശേരി പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
   
vps
14-Oct-2019
 

താമരശ്ശേരി: വിഷന്‍ 2020യുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം വെച്ചു കൊണ്ടുള്ള താമരശ്ശേരി പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കൂടത്തായി പുഴയോരത്ത് 5 ഏക്കറോളം സ്ഥലത്താണ് താമരശ്ശേരി റോട്ടറി ക്ലബ്ബിന്റ സഹകരണത്തോടെ പദ്ധതി ആരംഭിച്ചത്. തേക്ക്, വീട്ടി, ചന്ദനം, ആര്യവേപ്പ്, റംബുട്ടാന്‍, പുളി, ചാമ്പ, അത്തി, നീര്‍മാതളം, ആല്‍, താന്നി, പേര, പൂവരശ്, പ്ലാവ്, മാവ് തുടങ്ങിയ മുപ്പതോളം ഇനങ്ങളിലായി 400 ഓളം ചെടികളാണ് നട്ടത്. ആയിരത്തോളം തൈകളാണ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പള്ളിക്കമ്മറ്റികള്‍, ക്ഷേത്ര കമ്മിറ്റികള്‍, പരിസ്തിതി പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി ടി എ, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ ഒരു ലക്ഷം തൈകള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

ഈ പദ്ധതിയില്‍ പങ്കാളികളാവുന്നവരെ വിഷന്‍ 2020യുടെ ഭാഗമായി ആദരിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് മുന്‍കൈ എടുക്കുന്നതാണ്. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ യംഗ് പ്രൊഫഷണല്‍ ടി എം വിഷ്ണുമായ പച്ചത്തുരുത്ത് പദ്ധതിയുടെ വിശദീകരണം നടത്തി. തുടര്‍ന്ന് പോഗ്രാം കോഓര്‍ഡിനേറ്റര്‍ റൊട്ടേറിയന്‍ ബേബി തോമസ് പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ കെ വി മുഹമ്മദ് സ്വാഗതവും റോട്ടറി ക്ലബ് പ്രസിഡണ്ട് മണി ഉള്ളാട്ട് നന്ദിയും പറഞ്ഞു. റോട്ടറി ക്ലബ് താമരശ്ശേരി സെക്രട്ടറി വിജോഷ് കെ ജോസ്, മഞ്ജിത, അഡ്വ. ബെന്നി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ജനറല്‍ സെക്രട്ടറി റെജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies