07-Dec-2019 (Sat)
 
 
 
 
‍കൊടുവള്ളിയില്‍ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് പത്തോളം പേര്‍ക്ക് പരിക്ക്
   
vps
28-Oct-2019
 

കൊടുവള്ളി: ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് പത്തോളം ആളുകള്‍ക്ക് പരിക്ക്. കൊടുവള്ളി നഗരസഭയിലെ സൗത്ത് കൊടുവള്ളി, തലപ്പെരുമണ്ണ, പറമ്പത്ത്കാവ് പ്രദേശങ്ങളിലാണ് ഭ്രാന്തന്‍ കുറുക്കന്റെ പരാക്രമമുണ്ടായത്. തലപ്പെരുമണ്ണ ഭാഗത്ത് നിന്നാണ് കുറുക്കന്‍ പരാക്രമം ആരംഭിച്ചത്. തലപ്പെരുമണ്ണ എരഞ്ഞിക്കോത്ത് തോട്ടത്തില്‍ ഫാസിലക്കാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് പറമ്പത്ത് കാവ് പ്രദേശത്തെത്തി. പറമ്പത്ത്കാവ് ആട്യേരി കുഞ്ഞോയിയുടെ ഭാര്യ പാത്തുമ്മ നായയുടെ കടിയേറ്റ് വീണു. ഇവരുടെ കയ് ഒടിഞ്ഞു. നട്ടെല്ലിനും ക്ഷതമേറ്റു. കല്ലിടുക്കില്‍ ഭാഗത്ത് ആടിനെയും കുറുക്കന്‍ കടിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ ഓടി രക്ഷപ്പെട്ട കുറുക്കന്‍ പിന്നീട് സൗത്ത് കൊടുവള്ളിയിലെത്തി.

 

സൗത്ത് കൊടുവള്ളിയില്‍ പാലക്കാംകുഴിയില്‍ നൗഷാദിനാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് അറഫാ മന്‍സിലില്‍ ഇബ്രാഹിം ഹാജി, ഭാര്യ ഷരീഫ എന്നിവരെ കടിച്ചു പരുക്കേല്‍പിച്ചു. ഷരീഫയെ കടിച്ച കുറുക്കനെ നേരിടുന്നതിനിടെയാണ് ഇബ്രാഹിം ഹാജിക്ക് കടിയേറ്റത്. എട്ടോളം ആളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ പാത്തുമ്മയുടെ പരുക്ക് ഗുരുതരമാണ്. നാട്ടുകാര്‍ പിടിച്ചു കെട്ടിയിട്ട കുറുക്കന്‍ പിന്നീട് ചത്തു. കടിയേറ്റ ആടിന് കുത്തിവെപ്പ് നടത്തിയതായും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വെറ്ററിനറി സര്‍ജന്‍ ഡോ.ശിഹാബുദ്ദീന്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പും കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഭ്രാന്തന്‍ കുറുക്കന്‍ തെരുവ് നായ്ക്കളെയും പൂച്ചകളെയും കടിച്ചിരിക്കാമെന്നത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies