20-Nov-2019 (Wed)
 
 
 
 
‍എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍
   
vps
26-Oct-2019
 

കോഴിക്കോട്: എല്ലാ വിഭാഗം ജനങ്ങള്‍ക്കും പരമാവധി കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ താലോലം 2019 മൂന്നാം കുടുംബസംഗമവും വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുജനാരോഗ്യ മേഖല കൈവരിച്ച പുരോഗതി കേരളത്തെ രാജ്യത്ത് ഏറ്റവും മുന്നിലെത്തിച്ചിരിക്കുകയാണ്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിത്സാശാഖകളും ശക്തിപ്പെടുത്തുന്നതിലൂടെ ആരോഗ്യപരിപാലനരംഗത്തെ എല്ലാ വെല്ലുവിളികളും മറികടക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുവെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ വന്ധ്യതാ നിവാരണ ചികിത്സയിലൂടെ നാലു വര്‍ഷം കൊണ്ട് 136 ദമ്പതികള്‍ക്കാണ് കുട്ടികളുണ്ടായത്. ഇത് ഏറെ പ്രശംസനീയമാണ്. സ്വകാര്യ വന്ധ്യതാ ചികിത്സാ മേഖലയില്‍ വലിയ ചൂഷണമാണ് നടക്കുന്നത്. ചികിത്സക്ക് വിധേയരാകുന്നവര്‍ ഭാരിച്ച ചെലവ് താങ്ങേണ്ടി വരുന്നു.

 

ചികിത്സ വ്യവസായമായി മാറുന്ന സാഹചര്യത്തില്‍ ചെലവു കുറഞ്ഞതും നല്ല ഫലം ഉണ്ടാക്കുന്നതുമായ ഹോമിയോ ചികിത്സയുടെ പ്രസക്തി ഏറുകയാണ്. ചൂഷണങ്ങളില്‍ നിന്ന് മോചനം നല്‍കാന്‍ ഹോമിയോ മെഡിക്കല്‍ കോളേജിന്റെ ഈ ചികിത്സാ പദ്ധതി ഏറെ സഹായകരമാകും. ചികിത്സാ സംവിധാനം വിപുലപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഹോമിയോപതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ സി ശോഭിത, പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ഹമീദ് പി, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഗീത ജോസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ എല്‍ ബാബു, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. കെ ബെറ്റി, സര്‍ജറി വിഭാഗം തലവന്‍ ഡോ. ടി പി സുഗതന്‍, ആര്‍ എം ഒ. ഡോ. ഡി എസ് അജിത് കുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധി സി പ്രേം രാജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ വിഘ്‌നേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്ധ്യതാ നിവാരണ പദ്ധതിയായ താലോലം വഴി ജനിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies