20-Nov-2019 (Wed)
 
 
 
 
‍കട്ടിപ്പാറ ചമലില്‍ കോഴിക്കട മാലിന്യങ്ങള്‍ റോഡില്‍ തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍
   
vps
28-Oct-2019
 

കട്ടിപ്പാറ: കോഴിക്കട മാലിന്യങ്ങള്‍ റോഡില്‍ തള്ളി. കട്ടിപ്പാറ ചമല്‍ കൊളമലയിലാണ് ഇരുട്ടിന്റെ മറവില്‍ രോഡില്‍ അറുപത് ചാക്കോളം കോഴിക്കട മാലിന്യങ്ങള്‍ റോഡില്‍ തള്ളിയത്. വാഹനങ്ങളില്‍ എത്തിച്ച കോഴി മാലിന്യം ശനിയാഴ്ച രാത്രിയില്‍ റോഡില്‍ തള്ളുകയായിരുന്നു. ഞായറാഴ്ച രാവിലെ പ്രദേശത്ത് നിന്നും രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റോഡില്‍ കോഴിക്കട മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. താമരശ്ശേരി കേന്ദ്രമായി കോഴിക്കട മാലിന്യം ശേഖരിക്കുന്നയാളാണ് റോഡില്‍ മാലിന്യം തള്ളിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലനിധി കുടിവെള്ള പദ്ധതിക്ക് സമീപത്തായാണ് മാലിന്യം നിക്ഷേപിച്ചത്. ചെറിയ മഴ പെയ്താല്‍ പോലും മാലിന്യം കിണറ്റിലും ജല സ്രോതസ്സുകളിലും എത്തും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. താമരശ്ശേരി, കൊടുവള്ളി, പൂനൂര്‍ ഭാഗങ്ങളിലെ കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പതിവായി കൊളമല ഭാഗത്ത് എത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയെടുത്താണ് പലപ്പോഴും കോഴി മാലിന്യം തള്ളുന്നത്. ഇതിന്നെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies