20-Nov-2019 (Wed)
 
 
 
 
‍റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ പേരില്‍ വ്യാജ ഒസ്യത്ത്: ടി സിദ്ദീഖിന്റെയും ഹഫീസിന്റെയും മൊഴിയെടുത്തു
   
vps
30-Oct-2019
 

താമരശ്ശേരി: റിട്ടയേഡ് മജിസ്‌ട്രേറ്റ് താമരശ്ശേരി ചുങ്കം സ്വദേശി ലിങ്കന്‍ അബ്രഹാമിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കി സഹോദരന്‍ കൈക്കലാക്കിയെന്നും ഇതിന്ന് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ കൂട്ടുനിന്നുവെന്നും കാണിച്ച് തിരുവനന്തപുരം സ്വദേശി എ എച് ഹഫീസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തു. തന്റെ മരണ ശേഷം സ്വത്തുക്കള്‍ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് അവകാശപ്പെട്ടതാണെന്ന് ലിങ്കന്‍ അബ്രഹാം നേരത്തെ ഒസ്യത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍ ലിങ്കന്‍ അബ്രഹാമിന്റെ മരണ ശേഷം മറ്റൊരു വില്‍പത്രവുമായി സഹോദരന്‍ ഫിലോമിന്‍ അബ്രഹാം രംഗത്തെത്തിയതോടെ മുഖ്യ ട്രസ്റ്റിയും ലിങ്കന്‍ അബ്രഹാമിന്റെ ഭാര്യാ സഹോദരിയുടെ മകളുമായ ജീന്‍ അര്‍ജുന്‍കുമാറും ബന്ധുവും ട്രസ്റ്റിയുമാ സണ്ണി സോളമനും കോടതിയെ സമീപിച്ചു. എന്നാല്‍ കേസില്‍ ഫിലോമിന്‍ അബ്രഹാമിന് അനുകൂലമായാണ് വിധിയുണ്ടായത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആദ്യ ഒസ്യത്തിന്റെ കോപ്പി കോടതിയില്‍ ഹാജറാക്കാതെ പരാതിക്കാര്‍ പിന്‍മാറിയെന്നാണ് ആക്ഷേപം. ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, കെ പി സി സി അംഗം എന്‍ കെ അബ്ദുറഹിമാന്‍ എന്നിവര്‍ ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും ഇതിന്ന് പ്രതിഫലമായി ഇവരുടെ പേരിലേക്ക് ഒരേക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു കൊടുത്തുവെന്നും കാണിച്ചാണ് കേരള കോണ്‍ഗ്രസ് നേതാവായ എ എച് ഹഫീസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ് പി യുടെ നിര്‍ദ്ദേശ പ്രകാരം പ്രാധമിക അന്വേഷണം ആരംഭിച്ച താമരശ്ശേരി ഡി വൈ എസ് പി കഴിഞ്ഞ ദിവസം ഹബീബ് തമ്പിയുടെയും എന്‍ കെ അബ്ദുറഹിമാന്റെയും മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ടി സിദ്ദീഖിനെയും വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഭൂമി വിലക്ക് വാങ്ങിയതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് തന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തതെന്ന് ടി സിദ്ദീഖ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൊഴി നല്‍കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരാതിക്കാരനായ എ എച് ഹഫീസും മൊഴി നല്‍കാനെത്തിയിരുന്നു. കുറ്റകൃത്യം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹഫീസ് പറഞ്ഞു. ട്രിസ്റ്റിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. റവന്യൂരജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാധമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം ഡി ജി പി ക്ക് കൈമാറും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies